Wednesday 21 April 2021


സി(ശി)വമല്ലിക 

പാട്ട 

പാട്ട 
ഇരുമ്പ് 
കുപ്പി 
പ്ലാസ്റ്റിക്
പഴയ  പാത്രങ്ങള്‍ 
എടുക്കാനുണ്ടോ 
ഒരു നാടോടി പെണ്ണിന്റെ ശബ്ദം കേട്ടു 
 ഉമ്മറത്തെ കരിങ്കല്‍ തൂണില്‍ ചാരിയിരുന്ന് വായിച്ചിരുന്ന  പുസ്തകത്തിന്‍റെ 
വരികള്‍ ക്കിടയില്‍ നിന്ന് ഞാന്‍ തല ഉയര്‍ത്തി നോക്കി 
ആ നാടോടി പെണ്ണ് എന്നെ നോക്കി ചിരിച്ചു 
ഞാനും 

ഹൃദയത്തിന്‍റെ പുറമ്പോക്കിലത്രയും കവിതയും വിപ്ലവവും കാടു പിടിച്ച്   കാലം പ്രത്യേകിച്ച് പണികളൊന്നുമില്ല. നേരം വെളുത്താല്‍ ജി എഫ് യു പി സ്കൂളിന്‍റെ വരാന്തയില്‍ കൂട്ടുകാരുടെ ഇല്ലാ കഥകള്‍ കേട്ടിരിക്കും .പത്തു മണിയാവുമ്പോഴേക്കും സ്കൂള്‍ കുട്ടികള്‍ വന്നു തുടങ്ങും ,പിന്നെ സ്കൂള്‍ മുറ്റത്തെ മാങ്ങ പറിച്ച് കുട്ടികള്‍ക്കൊപ്പം ഞങ്ങളും തിന്നും ,കുട്ടികളോടൊപ്പം പാട്ടു പാടും  .പിന്നെയും കുറെ കഴിഞ്ഞാകും അദ്ധ്യാപകരുടെ വരവ് (എവിടെ സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ടോ അവിടം ചുറ്റി പറ്റി ഇത്തിരിയോളം സാമൂഹ്യ ദ്രോഹികള്‍ ഉണ്ടെന്നാണല്ലോ വെപ്പ് ) ആദ്യം വരുന്ന ടീച്ചര്‍ ഞങ്ങളെ ആ സാമൂഹ്യ ദ്രോഹത്തിന്റെ നോട്ടം കൊണ്ട് നേരിടും,ഞങ്ങള്‍ ഓരോ വഴിക്ക് പിരിയും  

എഴുത്തും വായനയുമായി ഉച്ചവരെ വീട്ടില്‍ കഴിച്ചുകൂട്ടും 
ഊണ് കഴിഞ്ഞ് പുതിയങ്ങാടിയിലേക്കിറങ്ങും (സ്കൂളും മൂന്നോ നാലോ കടമുറികളും ,ഒരു ഫ്ലോര്‍ മില്ലും ,പേരിനും അല്ലാതെയും മൂന്ന് നാല്  മുസ്ലിം പള്ളികും മാത്രമുള്ള ചെറിയ അങ്ങാടിയാണ് ) ,ഉച്ചകഴിഞ്ഞാല്‍ വിജനമായ അങ്ങാടി ഉറക്കത്തിന്‍റെ ആലസ്യത്തിലേക്ക്‌ വീഴും
 
ഞാന്‍ മാത്രം ഫ്ലോര്‍ മില്ലിന്റെ നീളന്‍ വരാന്തയില്‍ തൂണും ചാരി ഇരിക്കും,

തൊട്ടടുത്ത് നാടോടികള്‍ പഴയ പാട്ടകളും,കുപ്പികളും പ്ലാസ്റ്റിക് സാധനങ്ങളും  ശേഖരിച്ചുവെച്ചിട്ടുണ്ട് വൈകുന്നേരം എല്ലാം തരം തിരിച്ച് ചാക്കുകളിലാക്കി അവിടെനിന്നും വാഹനത്തില്‍ കയറ്റികൊണ്ട് പോകുകയാണ് പതിവ് 

വീര്യം കുറഞ്ഞ ഉറക്കുഗുളിക കഴിച്ച് ഉറക്കതിനെതിരെ സമരം ചെയ്ത് ഉറങ്ങാതിരിക്കുമ്പോഴുള്ള ലഹരി അനുഭവിച്ചു തുടങ്ങിയത് കോളേജിലെ ഗോവണി ചുവട്ടിലെ കൂട്ടുകാരുടെ കൂട്ടത്തില്‍ നിന്നായിരുന്നു .എഴുത്ത് മാനസികമായ പിരിമുറുക്കം സൃഷിടിക്കുമ്പോള്‍  മില്ലിന്റെ ആളൊഴിഞ്ഞ മൂലയില്‍ ഞാന്‍ ആ കാലം പുന:സ്രഷ്ടിക്കുമായിരുന്നു .

ഉച്ചകഴിഞ്ഞ്ഞാന്‍ വരുമ്പോഴൊക്കെ കറുത്ത് സുന്ദരിയായ മെലിഞ്ഞ ഒരു നാടോടി പെണ്ണ് മുറുക്കി ആഞ്ഞൊന്നു തുപ്പി ദാവണി തുണ്ട് അരയില്‍ തിരുകി ആക്രി സാധനങ്ങളെല്ലാം ചവിട്ടി ഒതുക്കി ഓരോരോ ചാക്കുകളിലാക്കി അടക്കി വെയ്ക്കുന്നുണ്ടാകും 

കുറെ നേരം ഞാന്‍ അതും നോക്കിയിരിക്കും 

എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ കാണും 
പരസ്പരം ചിരിക്കും 

എന്താ നിന്റെ പേര് 
ഒരു ദിവസം ഞാനവളോട് ചോദിച്ചു 

ഏ ...

ഞാന്‍ ചോദ്യമാവര്‍ത്തിച്ചു

ഏന്‍ മാമന്‍ മുരുകേശന്‍
നാന്‍  സി(ശി )വമല്ലിക

കറുത്ത് മെലിഞ്ഞ ഉയരമുള്ള ഒരാളെ ഇവരുടെ കൂട്ടത്തില്‍ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് കുറെ കാലമായി അയാള്‍ ഞങ്ങളുടെ നാട്ടിലുണ്ട് പലര്‍ക്കും അയാള്‍ സുപരിചിതനാണ് അയാളായിരിക്കണം മുരുകേശനെന്ന് ഞാന്‍ ഊഹിച്ചു 

നീങ്കെ ഊരെങ്കെ ..?
ഞാന്‍ മലയാളം എന്ന്പറയാവുന്ന മിഴില്‍ അവളുടെ നാടും വീടും ചോദിച്ചു

എന് ഊര് കമ്പരാജ പുറം   
ഏ..?

ഞാന്‍ ഒന്നുമില്ലെന്ന് തലയാട്ടി 
അവള്‍ അവളുടെ ജോലി തുടര്‍ന്നു കൊണ്ടിരുന്നു 

കുറേ നേരത്തെ മൌനത്തിന് ശേഷം ഞാന്‍ വീണ്ടും ചോദിച്ചു 

നീ കല്യാണം കഴിച്ചിര്‍ക്കാ 

അവള്‍ ചോദ്യം കേട്ടില്ലെന്ന മട്ടില്‍ ജോലിയില്‍ തന്നെ മുഴുകി 

വീണ്ടും ചോദിച്ചപ്പോള്‍ ആഞ്ഞൊന്നു തുപ്പി അവള്‍ നിവര്‍ന്നു നിന്നു 

ഇല്ല ..ഏ..?
അവള്‍ മറുപടി പറഞ്ഞു 

ഞാന്‍ നിന്നെ കല്യാണം കഴിക്കട്ടുമാ 

അവള്‍ ചിരിച്ചു 

ഞാന്‍ ഗൗരവത്തില്‍ തന്നെ വീണ്ടും ചോദിച്ചു 

ഈ വിജനമായ പരിസരത്ത് വെച്ച്  ഒട്ടു പ്രതീക്ഷിക്കാത്ത ഒരു ചോദ്യം കേട്ടിട്ടും അവള്‍ തെല്ലുപോലും പരിഭ്രമിചില്ല പകരം എന്‍റെ അടുത്ത് സിമന്‍റ് തിണ്ണയിലേക്ക് കയറിയിരുന്ന് അരയിലെ  മുറുക്കാന്‍ പൊതിയെടുത്ത് ഒരെണ്ണം എനിക്ക് നേരെ നീട്ടി .  വെറ്റിലയും ചുണ്ണാമ്പും പുരട്ടി ഞാനന്ന്  .
ജീവിതത്തിലാദ്യമായി മുറുക്കി .

പിന്നെ അവള്‍ പഴയ ചാക്ക് തോളില്‍ കയറ്റി പതുക്കെ പറഞ്ഞു 

ഭയപ്പെടുത്താതുങ്കോ സാര്‍ 
ജീവിതംകാട്ടി, ഭയപ്പെടുത്താതുങ്കോ  സാര്‍ 

(ചിലരങ്ങനെയാണ് ഒറ്റ വാക്ക് കൊണ്ട് തകര്‍ത്തുകളയും ജീവിതത്തിന്‍റെ വലിയ ഫ്രെയിം )


എന്‍റെ ചോദ്യം വെറും തമാശ മാത്രമായിരുന്നോ എന്ന് പിന്നീട് പലവട്ടം ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് 

No comments: