Wednesday, 9 December 2015

ആകാശവാണി


ചില ക്ലബ്ബുകളുടെ സുവനീറിലും ,ഇന്‍ലന്‍ഡ്‌ മാസികകളിലും മിനി കഥകളും മറ്റും എഴുതി തുടങ്ങിയ കാലം ആകാശവാണി ആയിരുന്നു കഥകള്‍ക്കും ,കവിതകള്‍ക്കും ഞാന്‍ കണ്ടെത്തിയ അന്നത്തെ മുഖ്യധാരാ മാധ്യമം

ആ ഇടയ്ക്കാണ് ഞാന്‍ എഴുതിയ ഒരു കഥ സ്റ്റേഷന്‍ ഡയരക്ടര്‍ ,യുവവാണി എന്ന വിലാസത്തില്‍ ആകാശവാണിയിലേക്ക് അയച്ചു കൊടുക്കുന്നത്

,പിന്നീട് അങ്ങോട്ട്‌ എല്ലാ ആഴ്ച്ചയും മുടങ്ങാതെ മുറ്റത്ത് യുവവാണിയും കേട്ടിരിപ്പായി ,എന്‍റെ പേര് വായിക്കും ഇപ്പോള്‍ , എന്റെ കഥയില്‍ നിന്ന് കഥാപാത്രങ്ങള്‍ ഉച്ചത്തോടെ കേരളത്തിന്‍റെ ഇടവഴികളിലേക്ക് ഇറങ്ങി നടക്കും ,

നാളെ പാമ്പടയുടെ കട മുറ്റത്തിരിക്കുമ്പോള്‍ നജീബോ ,മുഹമ്മദോ ഹാരിസോ ആകാശവാണിയില്‍ നിന്‍റെ കഥ കേട്ടിരുന്നു എന്ന് ഇങ്ങോട്ട് പറയും വരെ മിണ്ടാതിരിക്കണം,

പിന്നെ ഒരു വലിയ എഴുത്തുക്കാരന്റെ ഗമയോടെ മറുപടി ഒരു ചിരിയിലോതുക്കണം
ഹൈരുന്നീസക്ക് എഴുതുന്ന പ്രേമലേഖനത്തില്‍ ആദ്യത്തെ വരിയില്‍ തന്നെ ആകാശവാണിയില്‍ എന്‍റെ കഥ വന്നിരുന്നെന്നും നായികക്ക് നിന്‍റെ പേരായിരുന്നെന്നും പറയണം

അവളുടെ വലിയ കണ്ണുകള്‍ അപ്പോള്‍ വീണ്ടും വിടരും

യുവവാണി വന്നു പലരുടേയും പേരുകള്‍ കേട്ടു
പലരുടെയും കഥകള്‍ കേട്ടു,കേട്ടില്ല

സുമേഷ് എന്ന പേരുകേട്ടു ,ഏയ്‌ സുമേഷ് എന്നാവില്ല അത് എന്റെ പേര് തന്നെയായിരിക്കും എന്‍റെ കേള്‍വി പിശകായിരിക്കും കഥ വായിക്കാന്‍ തുടങ്ങിയാല്‍ അറിയാമല്ലോ

കഥ വായിച്ചു പക്ഷെ എന്‍റെ കഥ യായിരുന്നില്ല ,
അത് സുമേഷിന്റെയോ ,സുധീഷിന്റെയോ ,വല്ല പ്രഭാകരന്‍റെയോ ആയിരിക്കണം

കുറച്ചു നേരത്തെ പ്രക്ഷേപണങ്ങള്‍ക്ക് ശേഷം എന്നെ നിഷ്കരുണം പുറത്താക്കി അന്നത്തേക്ക്‌ യുവവാണി പൂട്ടി

ദിവസങ്ങളുടെ മറവില്‍
യുവവാണി പിന്നെയും വന്നു
വേറിട്ട പല ശബ്ദങ്ങളും കേട്ടു
ഒരു ശബ്ദത്തിലും ഞാന്‍ എന്റെ കഥ കേട്ടില്ല

അടുത്ത ദിവസങ്ങളിലും
ആകാശവാണി വന്നു
യുവവാണി വന്നു
എനിക്ക് മാത്രം സങ്കടം വന്നു

പിന്നെയും എനിക്ക് മാത്രം സങ്കടം വന്നു
ഞാന്‍ കരഞ്ഞു
പിന്നെയും ഞാന്‍ മാത്രം കരഞ്ഞു

പിന്നെയും വന്നു
എനിക്ക് ദേഷ്യം വന്നു

പിന്നെയും വന്നു
ഞാന്‍ ചിരിച്ചു
ഞാന്‍ മാത്രം ചിരിച്ചു

ഒടുവില്‍ ഒരു ദിവസം ഭയത്തോടെ വളരെ രഹസ്യമായി സ്റ്റേഷന്‍ മാസ്റ്റര്‍ ക്ക് ഞാന്‍ ഒരു കത്തെഴുതി

ബഹുമാനപ്പെട്ട സര്‍ ,

യുവവാണി യില്‍ പ്രക്ഷേപണം ചെയ്യുന്നതിന് വേണ്ടി മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു കഥ അയച്ചിരുന്നു .എന്നാല്‍ ഇതുവരെയും പ്രസ്തുത കഥ പ്രക്ഷേപണം ചെയ്തു കണ്ടില്ല.എന്നാല്‍ ദയവായി ഞാന്‍ അയച്ച കഥ ഇനി പ്രക്ഷേപണം ചെയ്യരുത് .കാരണം ഞാന്‍ ഇപ്പോള്‍ വല്ലാത്ത ഒരു ലഹരിയിലാണ് , കാത്തിരിപ്പ് പകര്‍ന്നു തരുന്ന ഒരു തരം ലഹരി ഞാന്‍ നല്ലവണ്ണം ആസ്വദിക്കുന്നുണ്ട് ,

വിശ്വസ്തതയോടെ
----------------------------

അടുത്ത ദിവസങ്ങളിലും കാത്തിരിപ്പ് തുടര്‍ന്നു
യുവവാണി തുറന്നു
എന്‍റെ കഥ വന്നില്ല

പക്ഷെ എന്‍റെ കത്ത് വന്നു ,കത്ത് വായിച്ചു , ഏറ്റവും അടുത്ത ദിവസങ്ങളില്‍ ഷാജി അമ്പലത്ത് എഴുതിയ കഥ പ്രക്ഷേപണം ചെയ്യുന്നതാണ് എന്ന അറിയിപ്പ് വന്നു .

ആഴ്ച്ചകള്‍ മറിഞ്ഞു

കഥ വന്നില്ല , ഈ ലഹരി എന്നെ മത്തു പിടിപ്പുന്നുണ്ടെന്നും,ഞാന്‍ അതില്‍ സന്തോഷവാനാണെന്നും എന്‍റെ കുറിപ്പിന്റെ ആത്മാര്‍ഥതയില്‍ നിന്നും ആദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എനിക്ക് ബോധ്യമായി

" ഏറ്റവും അടുത്ത ദിവസങ്ങളില്‍ ഷാജി അമ്പലത്ത് എഴുതിയ കഥ പ്രക്ഷേപണം ചെയ്യുന്നതാണ്"

Tuesday, 24 February 2015


Wednesday, 24 December 2014

മറക്കണമെന്നോര്‍മിക്കാന്‍ മറന്നുപോകും ( ഗ്രീന്‍ ബുക്സിന് വേണ്ടി എഴുതിയ അനുഭവ കുറിപ്പ് - ആണ്‍ മഴയോര്‍മകള്‍)

      

        നാല് കിലോമീറ്ററുകള്‍ക്കപ്പുറത്താണ് അവളുടെ വീട് നടന്നാല്‍ ഇരുപത് മിനിറ്റ് ,അഥവാ രണ്ട് മഹല്ലുകള്‍ക്ക് അപ്പുറത്ത് കൃത്യമായി പറഞ്ഞാല്‍ മൂന്നാമത്തെ പാട്ടിന്‍റെ അനുപല്ലവികള്‍ക്കിപ്പുറത്ത്, ജീവിതത്തില്‍ ആദ്യത്തെ പ്രണയ ലേഖനം തന്നവള്‍ 
”വട്ടെക്കാട്ടെ നേര്‍ച്ചയ്ക്ക് വര്വോ “
ഇഷ്ട്മാണെന്ന്പറയാന്‍ ഉപയോഗിച്ച ആ ഒറ്റ വാക്കിന്‍റെ കാവ്യാത്മകത വര്‍ഷങ്ങള്‍ക്കിപ്പുറത്താണ് തിരിച്ചറിയുന്നത്, മുറ്റത്തെ ചെമ്പകമരവും, ജിബ്രാനും , റൂമിയും ഞങ്ങള്‍ പരസ്പരം സഹകരിച്ച് എഴുതി തീര്‍ത്ത പ്രേമ ലേഖനങ്ങള്‍ .
അവള്‍ എട്ടിലും ഞാന്‍ ഒന്‍പതിലും 
ഞാന്‍ ഒന്‍പതില്‍ നിന്ന് പത്തിലേക്ക് ജയിക്കാതിരുന്നാല്‍ ഉള്ളം കയ്യില്‍ ഒരുമ്മ തരാമെന്നേറ്റിരുന്നു പണ്ട് .ഒരു കൊല്ലം കൂടി പരസ്പരം കാണാനുള്ള അവളുടെ രാസ സൂത്രം.

കാലമെത്രപോയി
റാങ്കിംഗ് സമ്പ്രദായം നിര്‍ത്തലാക്കി
സിലബസ് മാറി
ഗ്രേഡ് നിലവില്‍ വന്നു
വിദ്യാര്‍ഥിക ളുടെ ആത്മഹത്യ കുറഞ്ഞു

സ്വാതന്ദ്ര്യം ,ജനാധിപത്യം ,സോഷ്യലിസം കോളേജ് വരാന്തകളില്‍ ഉറക്കെ ചൊല്ലി , പുറത്താക്കപ്പെട്ടു ,
തരികിടകളുമായി ജീവിതം തുടര്‍ന്നു.
അതിനിടയില്‍ അവള്‍ കണ്ടവനെ കെട്ടി ,കുട്ടികളെ പെറ്റു,പര്‍ദ്ധകളിലേക്ക് നുഴഞ്ഞു കയറി
മൊബൈലുകള്‍ കണ്ടു പിടിക്കപ്പെട്ടു , വലുത് ചെറുതാവാന്‍ തുടങ്ങി
ആ കാലത്താണ് എനിക്കൊരു ഫോണ്‍ കോള്‍ വരുന്നത്
"എനിക്ക് നിന്നെ ഒന്ന് കാണണം ,ഞാന്‍ വീണ്ടും വിളിക്കാം,തിരിച്ചു വിളിക്കരുത്"  ഫോണ്‍ കട്ടായി ആരാണെന്ന് പറഞ്ഞതേയില്ല ,തിരിച്ചറിയാന്‍ അടയാളങ്ങള്‍ പറയേണ്ടതില്ലെന്ന് ഉറപ്പുണ്ടായിരുന്നിരിക്കണം അവള്‍ക്ക്

വിളി വീണ്ടും വന്നു

"നാളെ രാത്രി പതിനൊന്നര മണിക്ക് പണ്ട് നാം പിരിഞ്ഞു പോകാറുണ്ടായിരു ന്ന വീടിനോട് ചേര്‍ന്ന ഇടവഴിയില്‍ ഞാന്‍ ഉണ്ടാവും  ,നമുക്ക് ഒരിടം വരെ പോകണം സമയം തെറ്റിക്കരുത് “

സ്കൂള്‍ കാലം വിട്ടതില്‍ പിന്നെ വല്ലപ്പോഴും ഒരു മിന്നായം പോലെ കണ്ടിട്ടുണ്ട് എന്നല്ലാതെ,എന്നോ അവളെ കുറിച്ച് എഴുതിയ ഒരു കവിതയില്‍ മുഖാമുഖം വന്നിട്ടുണ്ട് എന്നല്ലാതെ തമ്മില്‍ കണ്ടിട്ടേയില്ല.ഇപ്പോള്‍ എന്തിനാവും  കാണണമെന്ന് തോന്നിയിട്ടുണ്ടാവുക .

ഒരിടം വരെ ..?
എവിടേക്ക് ..?
ഭാര്യയേയും മകനെയും ഉറക്കി കിടത്തി മറ്റൊരുവളെ കാണാന്‍ ?
പാതിരാത്രില്‍ സദാചാര കമ്മറ്റിയുടെ കോടതിമുറിക്കുള്ളിലെത്തിയാല്‍ എന്ത് സമാധാനം ബോധിപ്പിക്കും ഫോണ്‍ കട്ടായതില്‍ പിന്നെ അസ്വസ്ഥത കാട് കയറാന്‍ തുടങ്ങി
ആദ്യത്തെ പ്രണയം കാതില്‍ പറഞ്ഞവള്‍
തിരസ്കരിക്കുക വയ്യ

കാണുക തന്നെ പിന്നീട് വരുന്നതെല്ലാം പിന്നീട് വരുന്നവ മാത്രമാണ്
സഫറുവിനെ വിളിച്ചു; 
തണുത്ത ബിയര്‍ , ഒരു സിനിമ, സോപാനത്തിന്‍റെ ഡിന്നര്‍ .
സമയ ക്രമം കണക്കാക്കി സിനിമ പാതിയില്‍ ഉപേഷിച്ച് തരിച്ചു പോരും വഴി ആശ്വാസത്തിന് അവനോട് കാര്യങ്ങള്‍ പറഞ്ഞു .എല്ലാം കേട്ടിട്ടും അവന്‍ അനാശാസ്യത്തിന്‍റെ  ചിരി ചിരിച്ചു . അവനെ വീട്ടിലിറക്കി ഭയത്തെ കൃത്രിമ ധൈര്യം കൊണ്ട് മാറി കടന്ന്‍ പറഞ്ഞുറപ്പിച്ച ഇടവഴില്‍ ഒറ്റ നോട്ടം കൊണ്ട് കാണാവുന്ന ദൂരത്തേക്ക് മാറി നിന്നു .

അധിക നേരം കാത്തു നില്‍ക്കേണ്ടി വന്നില്ല വെളുത്ത മുഖമുള്ള ഇരുട്ട് പതിയെ നടന്നു വന്നു .

"വേഗം ഇവിടെ നിന്ന് വേഗം പോകണം" അവള്‍ ബൈക്കിന് പുറകില്‍ കയറി
എവിടെ ക്കെന്ന്‍ എപ്പോഴോ ചോദിച്ചു വെന്മേനാട് എത്തണം പാലം വഴി പോകണ്ട ടൌന്‍ ചുറ്റി വളഞ്ഞ് പതിയെ പോയാല്‍ മതി .
ഈ രാത്രിയില്‍ എന്തിനെന്ന് ചോദിച്ചു മറുപടി എന്തെങ്കിലും കേട്ടതായി ഓര്‍മി ക്കുന്നേയില്ല.കുറച്ചു ദൂരം നീങ്ങിയാതെ ഉള്ളൂ
പകച്ചു നിന്ന മഴ പയ്യെ പെയ്യാന്‍ തുടങ്ങി

എവിടെയെങ്കിലും കയറി നില്‍ക്കാം ഞാന്‍ പറഞ്ഞു
വേണ്ട നാമൊന്നിച്ച് ഒരേ മഴ നനഞ്ഞിട്ടില്ലല്ലോഒരിക്കല്‍ പോലും 
ഈ മഴ നമുക്കുവേണ്ടി പെയ്യട്ടെ
നിന്‍റെ അവള്‍ക്കും മകനും സുഖമല്ലേ ?
അതെ എന്ന അര്‍ത്ഥത്തില്‍ മൂളുക മാത്രം ചെയ്തു
എന്താ അവന്റെ പേര്
ഗസല്‍ ഞാന്‍ പറഞ്ഞു

നിന്‍റെ  അവളെ ഒരിക്കല്‍ ഞാന്‍ കണ്ടിരുന്നു അങ്ങനെയാണ് നിന്‍റെ നമ്പര്‍ കിട്ടിയത് .  എന്‍റെ ഭാര്യ എന്നോ പറഞ്ഞത് ഞാനോര്‍ത്തു

"ബുദ്ധിമുട്ടായോ  നിനക്ക്  ?
നിന്നോളം സുരക്ഷിതമായ ഒരു സ്ഥലം എനിക്കില്ലെന്ന് തോന്നി അതുകൊണ്ട് മാത്രമാണ് നിന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടി വന്നത്
നിന്‍റെ മകന് എത്ര പ്രായമായി
ഒന്നര വയസ്സ് ഞാന്‍ പറഞ്ഞു
എന്‍റെ മകന് ഈ കൊല്ലം നാല് വയസ്സാകുമായിരുന്നു

        ഞാനൊന്നും പറഞ്ഞില്ല കരളില്‍ പകുത്ത മഞ്ഞ പിത്തം അവനെയും കൊണ്ട് പോയത് എനിക്കറിയാമായിരുന്നു

മഴ കാറ്റിനൊപ്പം ശക്തമാകാന്‍ തുടങ്ങി ,ഇടയ്ക്ക് വെട്ടിയ ഇടിമിന്നലില്‍ അവളെന്‍റെ  തോളില്‍ അമര്‍ത്തി പിടിച്ചു

എന്‍റെ മകനിപ്പോള്‍ കിടക്കയില്‍ എന്നെ തിരയുന്നുണ്ടാവും ഞാന്‍ അസ്വസ്ഥനായിരുന്നു 

ഞങ്ങള്‍ പിന്നെയും മുന്നോട്ട് പോയി കൊണ്ടിരുന്നു ,സ്കൂള്‍ എത്തുന്നതിന് തൊട്ടുമുന്‍പുള്ള രണ്ടാമത്തെ വളവില്‍ നിന്ന് നീണ്ടുപോകുന്ന ഇടവഴി ചൂണ്ടി അവള്‍ പറഞ്ഞു “ആകാണുന്ന വീടിന് അപ്പുറത്താണ് എന്നെ കെട്ടിച്ചു വിട്ട വീട് , നീ കണ്ടിട്ടുണ്ടോ ?
ഇന്ന് വൈകുന്നേരമാണ് ഞാന്‍ എന്‍റെ വീട്ടിലേക്ക് പോന്നത് ഈ രാത്രി വീണ്ടും തിരിച്ചു വരാന്‍ വേണ്ടി കാരണം മറ്റൊന്നുമല്ല കഴിഞ്ഞ കൊല്ലം ഇതേ ദിവസമാണ് എന്‍റെ മകന്‍ മരിച്ചു പോയത് .നമ്മളിപ്പോള്‍ പോകുന്നത് അവന്‍റെ  അടുത്തേക്കാണ് .
സ്ത്രീകള്‍ കടന്നു ചെല്ലാന്‍ പാടില്ലാത്ത ഇടം പക്ഷെ എനിക്ക് എന്‍റെ മകനെ കാണണം

ഞാന്‍
ഞാന്‍ ശരിക്കും ഞെട്ടിയത് അപ്പോള്‍ മാത്രമായിരുന്നു .

പിന്നെ കുറച്ചു ദൂരം പോയതേയുള്ളൂ  പള്ളിയും കടന്ന് പള്ളി പറമ്പ് അവസാനിക്കുന്നതിന്‍റെ വലത്തേ മൂലയില്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു , അടഞ്ഞു കിടന്ന കടയുടെ പിന്നിലേക്ക്‌ മാറ്റി നിര്‍ത്തി ധൃതിയില്‍ മതില്‍ കെട്ടിനകത്തേക്ക് കടന്നു .
മഴക്ക് വീണ്ടും കനം വെച്ചു . മിന്നല്‍ വെട്ടത്തില്‍ അകത്തേക്ക് കടന്നത് ആരെങ്കിലും കണ്ടുവോ എന്ന് ഭയപ്പെട്ടു.അപ്പോഴാണ്‌ അവളുടെ കയ്യിലെ ചെറിയ ടോര്‍ച്ച് വെളിച്ചം കണ്ടത്.

അവനെവിടെയാണെന്ന് നിനക്ക് അറിയുമോ ഭയത്തോടെ ഞാന്‍ ചോദിച്ചു
അവളെന്‍റെ  കൈ പിടിച്ചു നടക്കുന്നതിനിടയില്‍ പറഞ്ഞു
ഏകദേശ ധാരണ എനിക്കുണ്ട് ഞാന്‍ ചോദിച്ചറിഞ്ഞിട്ടുണ്ട് . അവള്‍ക്കൊട്ടും ഭയമില്ലെന്ന് തോന്നി
ചില്ലകള്‍ താണ് കിടന്ന മരകൊമ്പുകള്‍ക്കിടയിലൂടെ മൈലാഞ്ചി പടര്‍പ്പുകളെ വകഞ്ഞ് മാറ്റി ഓരോ മീസാന്‍ കല്ലിലും ടോര്‍ച്ചടിച്ച്‌
ഇതല്ല ഇതല്ല എന്ന് പറഞ്ഞു കൊണ്ടിരുന്നു .
കുറച്ചേറെ നേരത്തെ ശ്രമത്തിനു ശേഷം
"മുസ്സമ്മില്‍" എന്ന് പേരെഴുതിയ മീസാന്‍ കല്ലിന് താഴെ പച്ചമണ്ണില്‍ അവള്‍ കുഴഞ്ഞിരുന്നു .

മഴ പിന്നെയും പിന്നെയും കനത്തു

ഒരേ മഴയില്‍ ഞങ്ങള്‍ പരസ്പ്പരം കരഞ്ഞു 

ഈ വിരലുകളില്‍ ഒന്നിലൊന്ന് തൊട്ടേ

പത്തിനെത്തിയാല്‍
പന്ത്രണ്ടരക്ക് പോകും
കോവൈ രാമസ്വാമി അയ്യരുടെ
പാവു കടയില്‍ നിന്ന്
അവള്‍ എന്ന് പേരുള്ള ഒരുവള്‍

"ഖാവോ ബേട്ടി "
തമിഴ് മറാഠിയില്‍
ഒരു ജിലേബി തുണ്ട് നീട്ടും,
അവളുടെ മുലയിലൊന്നുതൊടും,
ഭാഗ്യവാന്‍ എന്നര്‍ത്ഥം മണക്കുന്ന
ചിരി പൊതിഞ്ഞു കൊടുക്കും അയാള്‍.

പിന്നെ ചെട്ടിയാര്‍ക്കൊപ്പം
പൂക്കള്‍ കെട്ടാനിരിക്കും

കാമുകന്മാര്‍ മൂന്നുണ്ട്
അവള്‍ എന്ന് പേരുള്ള ഒരുവള്‍ക്ക്

തൂപ്പുകാരന്‍ സുബ്ബന്‍,
ഓട്ടോക്കാരന്‍ ബംഗാളി ചെക്കന്‍,
ചെട്ടിയാര്‍

ജോലി കഴിഞ്ഞു മടങ്ങും വഴി
പാട്ടിക്ക്
പാതി പൊതി കഞ്ചാവ്
പകുതി വിലക്ക് വാങ്ങും

കാളമേഘപ്പുലവരുടെ
കവിതകളില്‍ കൈകോര്‍ത്ത്
ഇടവഴി നീന്തി കടക്കും

മാസം മൂന്നായി
മാസമുറ തെറ്റിയിട്ട്

എല്ലാ രാത്രികളിലും
അവളിപ്പോള്‍ പുതിയ ഗെയിം കളിക്കുന്നു

മൂന്നായി മടക്കിയ
കടലാസ് ചുരുളില്‍
പേരുകള്‍ മൂന്ന് എഴുതി നറുക്കിട്ടെടുക്കും

കൊച്ചിന്റെ അച്ഛനെ തിരയാന്‍
അവള്‍ക്കറിയാവുന്ന ഏക DNA ടെസ്റ്റ്‌

ഇടയ്ക്കെപ്പോഴെങ്കിലും
എനിക്ക് നേരെ വിരല്‍ ചൂണ്ടും

"അക്കാ
ഈ വിരലുകളില്‍
ഒന്നിലൊന്ന് തൊട്ടേ 

Thursday, 23 October 2014

ഒരു ഗസല്‍ ശ്രമം

നിലാവേ തിരയാമോ
നിറവിളക്കണയ്ക്കാതേ...
നിറമിഴി തോരാതെ
കാത്തിരിപ്പാണിവള്‍
കടല്‍ക്കടവില്‍ .....

തിരയാഴമുലയുമ്പോള്‍
തിരിനാളമണയുമ്പോള്‍
കെട്ടഴിഞ്ഞകന്നുപോം കെട്ടുവള്ളം
കുഞ്ഞു കിനാവിന്‍ കെട്ടുവള്ളം

വഴി തെറ്റിയോ നീ
അന്തി മേഘകാറ്റേ
വഴിപ്പാടുപോലും മാഞ്ഞു പോയോ
വഴി വിളക്കെല്ലാം കെട്ടുപോയോ

അകലെ
കടല്‍ ചരുവില്‍
ഒരു മുക്കുവ പാട്ട്
കാതോര്‍ക്കുമീ-
കടല്‍ മുറ്റത്തുറങ്ങാത്ത-
രാപക്ഷി ഞാന്‍ ....