ഒരു പിടി കവിതവെച്ച് മൂന്ന് വട്ടം കൈകൊട്ടി വിളിക്കും ഉമ്മ വെച്ച് ചുണ്ടുകള് തകര്ന്ന ഒരു കിളി പതിയെ പറന്നു വരും
Saturday, 11 February 2023
ഇഖാല
ഏറെ നാളത്തെ അലച്ചിലിനും ഉറക്കമറ്റ പാതിരാവുകൾക്കും ശേഷം
ഡെൽറ്റ എമിറേറ്റസ് എന്നകോൺട്രാക്ടിങ് കമ്പനിയിൽ ജോലിക്കു കയറി
ഓഫീസ് സെക്രട്ടറിയായിട്ടായിരുന്നു പോസ്റ്റ്
പരിചയക്കാരൻ വഴിയുള്ള പിൻവാതിൽ പോസ്റ്റിങ്ങ് ആയിരുന്നു .
ആസമയം ഈ ജോലി ലഭിച്ചതിന്റെആശ്വാസം ചെറുതായിരുന്നില്ല.
പാതി പട്ടിണിയുടെ പിടിവീണ ദിവസങ്ങളിലായിരുന്നു അപ്പോൾ .
വിസയിൽ കുറച്ചധികം പ്രശ്‍നങ്ങളുണ്ടായിരുന്നു
അതുകൊണ്ട് തന്നെ സ്ഥിരമായി വിസമാറ്റാവുന്ന ഒരു ജോലി ലഭിക്കുക എനിക്ക് എളുപ്പമായിരുന്നില്ല
എത്രയെത്ര കമ്പനികൾ
എത്രമാത്രം ഇന്റർവ്യൂകൾ
ഒരു വിധം ജോലി തരപ്പെടുമ്പോൾ പഴയകമ്പനി റിലീസ്അനുവദിക്കില്ല
കിട്ടിയ ജോലി പാതിയിൽ നഷ്ടപ്പെടും ഇവിടെ നിന്നുകൊണ്ട് അതെല്ലാംശരിയാക്കി എടുക്കണം
ഈ ജോലിയെക്കാൾ ഈകമ്പനിയുടെ ചെയർമാൻ വഴി വിസയിലെ പ്രശ്നങ്ങൾ
പരിഹരിക്കാൻ കഴിയണം (നിലവിൽ എൻ്റെ വിസ മറ്റൊരു കമ്പനിയുടേതാണ് ആ ജോലിയിൽ നിന്ന്
അവരുടെ അനുവാദമില്ലാതെ പുറത്ത് ചാടിയതാണ് പഴയ കമ്പനിയുടെ പി ആർ ഒ എന്നെ കാണ്മാനില്ല
എന്ന് എമിഗ്രേഷൻ ഡിപ്പാർട് മെന്റിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഒരു സുഹൃത്ത് വഴി
അറിഞ്ഞിരുന്നു)
അബു ഉംറാദ് എന്ന സ്വദേശിയാണ് ഇപ്പോഴുള്ള കമ്പനി ചെയർമാൻ സി ഐ ഡി
വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടിയാണ് അറബി. ലബനോൻ കാരൻ ജോർജ് അബു ഫദൽ ആയിരുന്നു
ജനറൽ മാനേജർ പിന്നെ ഇറാനിയൻ ഷെഹാദ് , പിലിപ്പിനോസ് പെൺകുട്ടികൾ തുടങ്ങി പതിനൊന്ന്
പേരായിരുന്നു ഓഫിസിൽ ജോലിക്കുള്ളത് . കൂടാതെ സൈറ്റിൽ പണിയെടുക്കുന്ന ബംഗാളികളും
.ശ്രീലങ്കൻ തമിഴരും കൂട്ടത്തിൽ മലായാളികൾ കുറവായിരുന്നു . ഓഫിസിൽ ഏക ഇന്ത്യൻ ഞാൻ
മാത്രാമായിരുന്നു എന്നുള്ളത് എന്നെ അത്ഭുത പ്പെടുത്തി . രാവിലെ എട്ടു മണിമുതൽ
ഉച്ചക്ക് ഒരുമണിവരെ, വൈകീട്ട് ആറ് മണിമുതൽ എട്ട് മണിവരെ ഇതായിരുന്നു ഓഫീസിന്റെ
സമയക്രമം ഇറാനിയൻ വംശജനായ മഹ്തൂബ് , റിസപ്‌ഷനിസ്റ്റായ ബെനിൽഡ രണ്ട് പേരും ജോലിയിൽ
എന്നെ വല്ലാതെ സഹായിച്ചു എക്സ്പീരിയൻസ് ഇല്ലാതെ പുതിയ ജോലിയിൽ പ്രവേശിച്ചതിന്റെ
ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നു . ദിവസവും രാവിലെ മെയിൽ ചെക്ക് ചെയ്യണം പ്രിന്റ്
മാനേജർക്ക് കൈമാറണം ആവശ്യം വേണ്ട മറുപടികൾ തിരിച്ചയക്കണം കമ്പനികൾ അയക്കുന്ന
കൊട്ടേഷൻസ് സൂക്ഷമതയോടെ നോക്കണം , വർക്ക് സൈറ്റിലെ ജോലിക്കാരുടെ വർക്ക് ഷീറ്റ്
കണക്കുകൂട്ടി സബ്മിറ്റ് ചെയ്യണം ഇങ്ങനെയൊക്കെയാണ് ജോലിയുടെ സ്വാഭാവം എന്തായാലും ഞാൻ
ജോലിയുമായി പൊരുത്തപ്പെട്ടു തുടങ്ങി സന്തോഷത്തോടെ ജോലിയിൽ തുടർന്നു . ഒരു
താനൂർക്കാരൻ മലയാളി അവൻ ഓഫീസിൽ ദിവസവും അൽ ഖലീജ് പാത്രവുമായി വരും തിരക്കില്ലാത്ത
സമയത്ത് ഞാനവന് ടർക്കിഷ് കോഫി ഉണ്ടാക്കി കൊടുക്കും ബ്രൗൺ കാപ്പിക്കുരുവും കറുപ്പ്
കാപ്പി കുരുവും പൊടിച്ചാണ് ടർക്കിഷ് കോഫി ഉണ്ടാക്കുക മധുരം ചേർക്കാതെ വളരെ ചെറിയ
കപ്പിൽ ഞാൻ അവന് കൊടുക്കും ആദ്യം കുടിക്കുന്നയാൾക്ക് വലിയ പ്രയാസം തോന്നുമെങ്കിലും
പിന്നെ പിന്നെ അതിനോളം രുചി മറ്റൊരു കാപ്പിക്കും അനുഭവപ്പെടില്ല കാപ്പി അവൻ
നല്ലപോലെ പോലെ ആസ്വദിച്ചു കുടിക്കാൻ തുടങ്ങി ഇപ്പോൾ അറബ് പത്രത്തോടൊപ്പം എനിക്കൊരു
മലയാള പത്രവും അവൻ സൗജന്യമായി തരാൻ തുടങ്ങി , ജോലി കഴിഞ്ഞു മടങ്ങുന്ന സമയങ്ങളിൽ ഞാൻ
അവൻ്റെ മുറിയിൽ പോകും എനിക്ക് വേണ്ട ആനുകാലികങ്ങളും അവൻ സ്നേഹത്തോടെ തരും വായിച്ചു
കഴിഞ്ഞാൽ ഞാൻ അവന് തിരിച്ചു നൽകും . ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന എന്നെ പോലുള്ള
ഒരാൾക്ക് പത്രങ്ങളും ആനുകാലികങ്ങളും പണം കൊടുത്തു വാങ്ങുക അത്രമേൽ പ്രയാസകരമാണ് .
പെട്ടെന്ന് ഓഫീസ് ജാഗരൂകമാകും വരാന്തയിൽ നിന്ന് കന്തൂറ ഉലയുന്നതിൻറെ ശബ്ദം കേൾക്കും
കമ്പനി ചെയർമാൻ അറബി അബുഉമ്രാദ് നിമിഷങ്ങൾക്കകം ഓഫീസിനുള്ളിൽ എത്തും എല്ലാവരും
എഴുന്നേറ്റ് സലാം ചൊല്ലും വഅലൈക്കുംമുസ്സലാം എല്ലാവരോടും പുഞ്ചിരിച്ച് കൊണ്ട് സലാം
മടക്കും എന്നോടും റിസപ്‌ഷനിസ്റ്റ് പിലിപ്പിനോ പെണ്ണിനോടും ഒഴികെ പിന്നെ മാനേജരുമായി
കാബിനുള്ളിൽ ചർച്ചയിലാകും ഞാൻ അദ്ദേഹത്തിന് കോഫി കൊടുക്കും ഒരുദിവസം ചെയർമാൻ എന്നെ
കാബിനുള്ളിലേക്ക് വിളിപ്പിച്ചു അദ്ദേഹത്തിൻറെ കയ്യിൽ എൻ്റെ പാസ്സ്‌പോർട്ട് കണ്ടു നീ
മുസൽമാൻ ആണോ ഞാൻ ഒന്ന് ഞെട്ടി എങ്കിലും ഞാൻ ചിരിച്ച് കൊണ്ട് അതെ എന്ന് മറുപടി നൽകി
എൻ്റെ പേരിൽ മുസൽമാൻ എന്ന് തോന്നിപ്പിക്കുന്ന ലക്ഷണം ഒന്നും കാണാനാവില്ല
പാസ്സ്പോർട്ടിൽ വാപ്പയുടെ പേരിന്റെ സ്ഥാനത്ത് മുഹമ്മദ് എന്ന് കണ്ടത്കൊണ്ടാവണം
ഇത്തരം ചോദ്യമുണ്ടായത് എന്നെനിക്ക് മനസ്സിലായി . വിസ കമ്പനിയിലേക്ക് മാറ്റാമെന്ന്
ചെയർമാൻ എനിക്ക് ഉറപ്പുനൽകി മാത്രമല്ല പിന്നീട് ഞാൻ അദ്ദേഹത്തോട് സലാം
ചൊല്ലുമ്പോഴൊക്കെ തിരിച്ചും സലാം ചൊല്ലി തുടങ്ങി അതെനിക്ക് എന്തെന്നില്ലാത്ത
സന്തോഷം നൽകി ചില ദിവസങ്ങളിൽ രാവിലെ മാനേജർ ജോർജ് അബു ഫദൽ നോടൊപ്പം ജോലി നടക്കുന്ന
സൈറ്റുകളിൽ പോകും ജോലിയുടെ പുരോഗതികൾ നോക്കും സൂപ്പർ വൈസറോട് മാനേജർ കാര്യങ്ങൾ
തിരക്കുന്നതും ഉച്ചത്തിൽ ശകാരിക്കുന്നതും കാണാം , ഞാൻ സൂപ്പർ വൈസറെ വർക്ക് ഷീറ്റ്
കാണിക്കും ഓരോ ജോലിക്കാരും വന്ന് വർക്ക് ഷീറ്റിൽ ഒപ്പു വെക്കും ചില മലയാളികളും
തമിഴരും എന്നോട് പരാതികൾ പറയും , ഞാൻ മാനേജരോട് ധരിപ്പിക്കാം എന്ന് പറയും അങ്ങനെ
സമാധാനിപ്പിക്കാൻ അല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല തിരികെ
മടങ്ങുമ്പോഴേക്കും ഉച്ചയാകും ജോർജ് അബു ഫദൽ എന്നെ പാതിവഴിയിൽ ഇറക്കും ഞാൻ
റൂമിലേക്ക് മടങ്ങും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ശേഷം അബുദാബി സോഷ്യൽ സെന്ററിൽ പോകും
കുറേനേരം ലൈബ്രറിയിൽ ചിലവഴിക്കും ഏതെങ്കിലും പുസ്തകമെടുത്ത് മടങ്ങും വഴി അബുദാബി
കൾച്ചറൽ സെൻററിൽ പോകും പോയറ്റ്സ് കോർണറിൽ കവികളായ അസ്‌മോ പുത്തൻചിറയും ,കമറുദ്ധീൻ
ആമയത്തെ കാണും വിവിധ രാജ്യക്കാരായ മറ്റു കവികളെ കാണും ,കവിതകേൾക്കും മടക്കം വളരെ
വൈകും , തിരികെ വരുമ്പോൾ റോഡരികിൽ ശരീരം വിൽക്കുന്ന റഷ്യൻ വനിതകളെ കാണാം ചില
മലയാളികൾ അവരോട് വിലപേശുന്നത് കാണും . ഒരു ദിവസം എൻ്റെ സുഹൃത്ത്
ആവശ്യക്കാരനല്ലാതിരുന്നിട്ടും അവരുമായി വിലയിൽ തർക്കിക്കുന്നത് കണ്ടിട്ടുണ്ട് വില
പിന്നെയും പിന്നെയും അവർ കുറച്ച് പറയുന്നത് കേട്ട് അവൻ പൊട്ടി പൊട്ടി ചിരിക്കും
,അവൻ്റെ ക്രുരതയിൽ എനിക്ക് തമാശ തോന്നിയിട്ടില്ല , എനിക്ക് ചിരിക്കാനും
കഴിയുമായിരുന്നില്ല ആദ്യമൊക്കെ റോഡരികിൽ ഇവരെ കാണുമ്പോൾ അറബ് രാജ്യത്തിൽ ഇത്രക്ക്
സുഗമമാണോ വേശ്യാവൃത്തി എന്ന് അത്ഭുതപെട്ടിട്ടുണ്ട് ആയിടക്കാണ് വെക്കേഷൻ കഴിഞ്ഞു
നാട്ടിൽപോയ ജോർജിന്റെ ഭാര്യ ഇഖാല യും മകനും എമിറേറ്റ്സിൽ തിരിച്ചെത്തുന്നത് ,
അബുദാബി ADCB ബാങ്കിലാണ് ഇഖാലയുടെ ജോലി വെളുത്ത് കൊലുന്നനെ ,തോളറ്റം വരെ മുടിയുള്ള
,ഉയർന്ന മാറിടമുള്ള സുന്ദരിയാണ് ഇഖാല അയഞ്ഞ ടീഷർട്ടും ജീൻസും ധരിച്ച് മൈബൈലിൽ
ഉറക്കെ സംസാരിച്ച് മിക്ക രാത്രികളിലും ഇഖാല ഓഫീസിൽ വന്ന് കയറും ചിലപ്പോഴൊക്കെ
മകനുമുണ്ടാവും കൂടെ ഇഖാല ജോർജിന്റെ മുറിയിലേക്ക് കയറിപോകും മകൻ എൻ്റെ ടേബിളിൽ
വന്നിരിക്കും അവൻ എനിക്ക് ചോക്ക്ലേറ്റുകൾ തരും ഞങ്ങൾ വളരെപ്പെട്ടെന്ന് കൂട്ടായി
ഒപ്പം ഇഖാലയും ഓഫീസ് വിട്ടിറങ്ങുന്ന രാത്രിയിൽ ഞങ്ങൾ ഒന്നിച്ച് പുറത്തിറങ്ങും
അവരുടെ വാഹനത്തിൽ എന്നെ ഡ്രോപ്പ് ചെയ്യും , ചിലരാത്രികളിൽ സൂപ്പർ മാർക്കറ്റുകളിൽ
ഷോപ്പിങ്ങിനിറമ്പോൾ എന്നെയും കൂടെ കൂട്ടും , എനിക്ക് ആവശ്യമുള്ളത് വാങ്ങിച്ചോളൂ
എന്ന് നിർബന്ധിക്കും ,ഞാൻ സ്നേഹത്തോടെ ഒഴിഞ്ഞുമാറും ഞങ്ങൾ നേരെ ഇഖാലയുടെ
വീട്ടിലേക്ക് പോകും സാധനങ്ങൾ മുറിയിലേക്ക് എടുത്തവെക്കാൻ ഞാൻ അവരെ സഹായിക്കും അവൾ
എനിക്ക് പെപ്സിയും ബെന്നിൽ വെണ്ണയും പുരട്ടി തരും പുതിയ ഫ്‌ളാറ്റിലേക്ക് മാറുന്ന
ദിവസം മുഴുവൻ സമയവും ഞാൻ അവരെ സഹായിക്കാൻ ജോർജിന്റെയും ഇഖാലയുടെയും കൂടെ കൂടി
ഉച്ചക്ക് ഭക്ഷണം ഞങ്ങൾ ഒരുമിച്ചിരുന്നു , ബ്രഡോ ,ബെന്നോ അല്ലങ്കിൽ മറ്റെന്തെങ്കിലും
ലാബാനാനി ഫുഡോ ആയിരിക്കും ഉച്ചക്ക് എനിക്കത് സഹിക്കാൻ ആവില്ല ഞാൻ മെല്ലെ വഴുതിമാറാൻ
ശ്രമിച്ചു എന്നെ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മുന്നിൽ വിളമ്പിയ ഭക്ഷണം
കണ്ട് കണ്ണ് നിറഞ്ഞുപോയി ഞാൻ അറിയാതെ നേരത്തെ തന്നെ എവിടെ നിന്നോ പാർസൽ
വരുത്തിയിരുന്നു . ഒട്ടേറെ വിഭവങ്ങളുള്ള നല്ല ഒന്നാന്തരം കേരളീയ സദ്യ ദിവസങ്ങൾ പലത്
പതിവ്പോലെ ജോർജിന്റെ കുടുംബവുമായുള്ള അടുപ്പം സാലറിയിലും പ്രകടമായി ഒരു വെള്ളിയാഴ്ച
ദിവസം രാത്രി കൾച്ചറൽ സെന്റററിന്റെ പടവുകളിൽ ഞങ്ങൾ വർത്തമാനിച്ചിരിക്കെ ഇഖാലയുടെ
ഫോൺ വിളിവന്നു ഞാൻ അങ്ങോട്ട് വരുന്നുണ്ട് അവിടെ വെയ്റ്റ് ചെയ്യൂ പിന്നെയും ഏതാണ്ട്
ഒരുമണിക്കൂറോളം കഴിഞ്ഞു കാണണം ,ആമയവും ,അസ്‌മോക്കയും യാത്രപറഞ്ഞു പിരിഞ്ഞു ഞാൻ
ഒറ്റക്കായി എൻ്റെ മുന്നിൽ അവളുടെ വെളുത്ത ലാൻഡ് ക്രൂയ്സർ വന്നു നിന്നു ഞാൻ
മുൻസീറ്റിൽ കയറി സീറ്റ് ബെൽറ്റ് ഉറപ്പിച്ചു വണ്ടിക്കുള്ളിൽ ഊദിന്റെ നല്ല സുഗന്ധം
വാഹനം ദുബായ് റോഡിലൂടെ ഓടിക്കൊണ്ടിരുന്നു തണുത്ത ശബ്ദത്തിൽ ഏതോ അറബ് ഗായകൻ പാടുന്നു
നിനക്ക് വിശക്കുന്നുണ്ടോ ഇല്ലെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി അവൾ സാൻഡ്വിച്ച് എനിക്ക്
നേരെ നീട്ടി കൂടെ ഒരു പാക്കറ്റ് ആപ്പിൾ ജ്യൂസും എനിക്ക് ആശ്വാസം തോന്നി സത്യത്തിൽ
നല്ല വിശപ്പുണ്ടായിരുന്നു വാഹനം പിന്നെയും പോയ്കൊണ്ടേ ഇരുന്നു അവൾ ഇടക്കിടെ
ചോദിക്കുന്ന ചോദ്യമുണ്ട് നാട്ടിൽ നിന്റെ മമ്മക്ക് സുഖമാണോ ആ ചോദ്യം വീണ്ടും
ആവർത്തിച്ചു ഞാൻ സുഖമാണെന്ന് ചിരിച്ചു വാഹനം മെയിൻ റോഡിൽ നിന്ന് മറ്റൊരു റോഡിലേക്ക്
തിരിഞ്ഞു വീണ്ടും ഓടി ഇപ്പോൾ രണ്ട് ഭാഗത്തും മരുഭൂമി കാണായി തുടങ്ങി കുറച്ചു
ദൂരംകൂടെ പിന്നിട്ടു വാഹനം പതുക്കെ ഒരു വശത്തേക്ക് ചേർത്തുനിർത്തി പുറത്ത് ഇറങ്ങി
കൂടെ ഞാനും അവൾ ഒരു സിഗരറ്റിന് തീ പിടിപ്പിച്ചു പുറത്ത് തണുപ്പുണ്ട് കാറ്റും ഒന്ന്
,രണ്ട് വാഹനങ്ങൾ ഞങ്ങളെ കടന്ന് പോയി ചുറ്റും മണൽക്കാടുകൾ ദൂരെ മിന്നുന്ന
വെളിച്ചങ്ങൾ കാണുന്നുണ്ട് ഡെസേർട്ട് ക്യാമ്പുകളാണെന്ന് തോന്നുന്നു അൽപ്പ നേരം
കഴിഞ്ഞ് മറ്റൊരു വാഹനം ഞങ്ങൾക്ക് പുറകിൽ വന്നു നിന്നു ഡോർ തുറന്ന് അറബ് വേഷക്കാരൻ
ഇറങ്ങിവന്നു ഞാൻ ഭയത്തോടെ ഇഖാലയെ നോക്കി എനിക്ക് വിസയില്ലാത്തതാണ് അസ്സലാമു
അലൈക്കും അയാൾ ചിരിച്ചു കൊണ്ട് സലാം ചൊല്ലി സുഖമാണോ എന്ന ചോദ്യമെറിഞ്ഞു അറബിയിൽ
സംസാരിക്കാൻ തുടങ്ങി പിന്നെ അവർ പരസ്പരം ചുംബിച്ചു ശരീര ഭാഷയിൽ നിന്ന് അവരുടെ
ഉടലാകെ പ്രണയം പൂത്തു നിൽക്കുന്നത് പോലെ എനിക്ക് തോന്നി നാളിതുവരെ ഞാൻ കണ്ട ഇഖാല
ആയിരുന്നില്ല അവളപ്പോൾ പെട്ടെന്ന് അവളെന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു
ആവുമായിരുന്നെങ്കിൽ ഞാൻ ഒരു മഴ പൊതിഞ്ഞുകൊണ്ടുവരുമായിരുന്നേനെ എന്ന് ഞാനും ചിരിച്ചു
ഞാൻ തെല്ലകലേക്ക് മാറി നിന്നു കുറച്ചു നേരം കഴിഞ്ഞു ഇഖാല ചിരിച്ചുകൊണ്ട് എന്നോട്
കാത്തുനിൽക്കാൻ പറഞ്ഞു . അവർ തോളുകൾ ചേർത്ത് ചിരിച്ച് ഡെസേർട്ട് ക്യാമ്പിന്
എതിർദിശയിലേക്ക് സാവധാനത്തിൽ നടന്നു പോയി ഞാൻ ജോർജിനെ മറന്നു അവളുടെ മകനെ മറന്നു
രാത്രി വൈകിയിരിക്കുന്നു ഞാൻ അവിടെ ഒറ്റയ്ക്കായി ഭയം പിടികൂടാൻ തുടങ്ങി ആരെങ്കിലും
ചോദിച്ചാൽ ഞാൻ എന്ത് പറയും മരുഭൂമിയുടെ തണുപ്പിലേക്ക് ഞാൻ ഇറങ്ങി നടന്നു വാഹനത്തിൽ
നിന്ന് ഒറ്റനോട്ടത്തിന്റെ ദൂരമെത്രയോ ഞാൻ അത്രയും നടന്നു തണുത്ത മണ്ണിൽ ഭയത്തോടെ
ഇരുന്നു മരുഭൂമിയിലെ രാത്രി ഞാൻ ആദ്യമായി അനുഭവിക്കുകയാണ് ഭയത്തെ മായ്ച്ചു കളഞ്ഞ്
മരുഭൂമി എന്നെ ആഴങ്ങളിലേക്ക് വിളിക്കുന്നത് പോലെ തോന്നി പകലിൽ പൗരുഷമുള്ള മരുഭൂമി
രാത്രിയിൽ വിഷാദ ചായ്‌വുള്ള ഒരുവളെ പോലെ മലർന്നുകിടന്നു ഈ രാത്രി ഈ ആകാശ ചരിവിൽ
കിടന്ന് ഇഖാലയുടെ പ്രണയത്തിൻ്റെ നെഞ്ചിടിപ്പ് കേട്ടു പ്രണയത്തേക്കാൾ സുന്ദരമായി
മറ്റെന്തുണ്ടീ ഭൂമിയിൽ എൻ്റെ പ്രിയപ്പെട്ടവളെ ഓർത്തു എൻ്റെ നാടോർത്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment