ഒരു പിടി കവിതവെച്ച് മൂന്ന് വട്ടം കൈകൊട്ടി വിളിക്കും ഉമ്മ വെച്ച് ചുണ്ടുകള്‍ തകര്‍ന്ന ഒരു കിളി പതിയെ പറന്നു വരും
Wednesday, 21 April 2021
ലോഡ്ജ് മുറികളിലെ വിളക്കുകളെല്ലാം ഉറക്കം വിട്ടുണരും ,തെരുവ് പതുക്കെ ആളനക്കം വെക്കും ,
കടയുടെ പിന്നാമ്പുറത്തെ മുറിയില്‍ വന്ന് സതീശന്‍ എന്നെ കുലുക്കി വിളിക്കും നിര്‍മ്മാല്യം തുടങ്ങി 7.30 വരെ എന്‍റെ ഡ്യൂട്ടി സമയമാണ്
ഗുരുവായൂര്‍ കിഴക്കേ നടയില്‍ എലൈറ്റ് ടൂറിസ്റ്റ് ഹോമിന് എതിര്‍വശത്തുള്ള രണ്ട് പീടിക മുറിയിലെ
( കോളജില്‍ നിന്ന് പുറത്താക്കിയതിന്റെ പിറ്റേന്ന് തളച്ചി ട്ടതാണ് വാപ്പ എന്നെ ) കച്ചവടം എന്‍റെ ആയിരുന്നു
ഒരു മുറിയില്‍ ഓഡിയോ കാസറ്റുകളുടെ വില്‍പ്പനയും തൊട്ടടുത്ത മുറിയില്‍ ലേഡീസ് ഫാന്‍സി ഷോപ്പും
പല്ലുതേച്ച് മുഖം കഴുകി പോസ്റ്റ് ഓഫീസിനു മുന്നിലുള്ള തട്ടുകടയില്‍ നിന്ന് കട്ടന്‍ ചായയും കുടിച്ച് കടയില്‍ തിരിച്ചെത്തുമ്പോഴേക്കും
ദാസേട്ടന്‍ മധുരമുള്ള ശബ്ദത്തില്‍ കൃഷ്ണ കീര്‍ത്തനം പാടികൊണ്ടിരി ക്കുന്നുണ്ടാകും ,
ഞാന്‍ കടയില്‍ കയറും സതീശന്‍ ഡ്യൂട്ടി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് തിരിക്കും
അല്‍പ്പനേരം കഴിഞ്ഞാല്‍ ജീവന്‍ ജിത്തു ഒരു കപ്പ് ചായയുമായി കയറി വരും അടുത്തുള്ള
നന്ദിനി ടൂറിസ്റ്റ് ഹോമിലെ റിസപ്ഷനിസ്റ്റ് ആണവന്‍ ,
എം എ യ്ക്ക് പഠിക്കുന്നു ,രാത്രി റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്യുന്നു .
നല്ല തബല വാദ്യാര്‍ കൂടിയാണ് ,അനിയത്തി ദിവ്യ പത്താം ക്ലാസ് തോറ്റ തില്‍ പിന്നെ SBT ബാങ്കിന് താഴെയുള്ള
ടെലഫോണ്‍ ബൂത്തില്‍ ജോലി ചെയ്യുന്നു ഒപ്പം പടിഞ്ഞാറേ നടയിലുള്ള ചെമ്പൈ സംഗീത
വിദ്യാലയത്തില്‍ പാട്ട് പഠിക്കുന്നു ,അമ്മ ദേവസ്വത്തില്‍ താല്‍കാലിക ജീവനക്കാരി കുടുംബമായി
പെരുന്തട്ട അമ്പലത്തിനടുത്ത് വാടക യ്ക്ക്താമസിക്കുന്നു അതേ ടൂറിസ്റ്റ് ഹോമില്‍ രാവിലെ റിസപ്ഷനിസ്റ്റ്
ജോലിയിലുള്ളത് ദിനേശനാണ്.
ഞാനും,ജീവനും ദിനേശുമായിരുന്നു കൂട്ട്
നിര്‍മാല്യം തൊഴുത് ആളുകള്‍ പതുക്കെ മടങ്ങുകയായി ഈ സമയത്ത് ചെറിയ രീതിയില്‍ തിരക്കുണ്ടാവും കടയില്‍ ,
ജീവന്‍ സെയില്‍സില്‍ എന്നെ സഹായിക്കും , ,മലയാളികള്‍ക്ക് പുറമേ , തമിഴന്മാരും ,കന്നടക്കാരും,
തെലുങ്കരും എല്ലാവരും കസ്റ്റമര്‍ ആയി ഉണ്ടാവും അറിയാവുന്ന ആംഗ്യം കൊണ്ടും അല്ലാതെയും പിടിച്ചു നില്‍ക്കും
ഞാന്‍ ജീവന്‍ നല്ലപോലെ തമിഴ് സംസാരിക്കും എട്ടര ആവുമ്പോള്‍ എന്‍റെ ജോലി അവസാനിക്കും
അപ്പോഴേക്കും സെയില്‍സ് ഗേള്‍സ് എത്തും പത്തുമണി ആവുമ്പോള്‍ വാപ്പയും വരും
ഉച്ചവരെ നല്ലപോലെ ഉറങ്ങി വൈകി 5 മണി ആവുമ്പോഴേക്കും തിരികെ ഗുരുവായൂരില്‍
കോഫി ഹൗസിലെ തിരക്കില്ലാത്ത ടേബിളില്‍ വണ്ടി ഇറങ്ങും കോഫി ഹൗസിലെ സ്പെഷ്യല്‍ കോഫിയും പതുക്കെ കുടിച്ച്
അങ്ങനെ ഇരിക്കും അക്കാലത്ത് അനുഭവിച്ച സുന്ദരമായ നിറമുള്ള ഏകാന്തതയായിരുന്നു അത് അവിടെ നിന്നിറങ്ങി
ദേവസ്വം വക വായനശാലയിലേക്ക് കയറും ,സ്റ്റാണ്ടില്‍ കിടക്കുന്ന ആനുകാലികങ്ങള്‍ മറിച്ച് നോക്കി ലബ്രെ റിയനെ കാണും
പുതിയ പുസ്തകങ്ങളില്‍ നിന്ന് എതെങ്കിലു മൊന്നു തിരിഞ്ഞെടുക്കും അപ്പോഴേക്കും പതിവുപോലെ ഡ്യൂട്ടിക്ക് കയറാനുള്ള സമയമാവും
കടയുടെ ഉമ്മറത്ത് വെള്ളം തളിച്ച് ,ചന്ദനത്തിരി കത്തിച്ച് പുതിയ ഗുരുവായൂരപ്പ ഭക്തിഗനങ്ങളില്‍
ഏതെങ്കിലും പ്ലേ ചെയ്ത് സെയില്‍സ് ഗേള്‍സ് ഇറങ്ങി പോകും ,
കാസറ്റ് കടയില്‍ ഞാനും ഫാന്‍സി കടയില്‍ സതീശനും മാത്രമാവും
ഇടയ്ക്ക് ദിവ്യ കയറി വരും ദൂരെ നിന്നേ ചിരികാണും ,
എനിക്കറിയാം എന്നെ സോപ്പിടാനുള്ള വരവാണ് അവള്‍ക്ക് സുബ്ബലക്ഷ്മി യുടെയോ ,
ബാലമുരളീ കൃഷ്നയുടെയോ ഒന്നുമല്ലങ്കില്‍ ദാസേട്ടന്‍ പാടിയ സെമി ക്ലാസിക് ഗാനങ്ങളുടെ കാസറ്റ് വേണം
സീലുപോട്ടിക്കാതെ കാസറ്റ് എടുക്കുന്നത് അവള്‍ക്കറിയാം ,
കേട്ട് കഴിഞ്ഞാല്‍ അവള്‍ വേഗം മടക്കി തരുകയും ചെയ്യും ,
അന്നും അല്ലങ്കില്‍ അവള്‍ വരുന്നതെന്നും അതിന് വണ്ടി തന്നെയാകും
വരുമ്പോള്‍ പ്രസാദ ത്തിനൊപ്പം കിട്ടുന്ന അവിലും മലരും അവളെനിക്ക് തരും
മണ്ഡലകാലം പിറക്കും
കറുപ്പ് വിരിക്കും
നഗരം ഇരുമുടികെട്ടെടുക്കും സ്വാമിയെ ശരണം
ഗുരുവായൂരിലെ കച്ചവടക്കാര്‍ക്ക് സീസനാണ് തെരുവില്‍ കുട വില്‍പ്പനക്കാരും
അലുവ കച്ചവടക്കാരും നിറയും അയ്യപ്പ ഗീതങ്ങള്‍ പുലരും വരെ പാടികൊണ്ടിരിക്കും,
കടകള്‍ക്കെല്ലാം രാത്രിയും പകലും ഒരു പോലെയാകും
നഗരം നിറയെ ഒരേ നിറമുടുത്ത് വിവിധ ഭാഷ സംസാരിക്കും
ഞങ്ങള്‍ വില്ല വാടകക്കെടുത്ത് ഓഡിയോ കാസറ്റുകളുടെ ഡുപ്ലിക്കേറ്റു പുലരും വരെ റെക്കോര്‍ഡ് ചെയ്തു കൊണ്ടിരിക്കും ,
പിന്നെ അത് വില്‍പ്പനക്കിറക്കും
ആ മൂന്ന് നാല് മാസകാലം പെട്ടെന്ന് തീരും
ഹരിവരാസനം കേട്ട് അയ്യപ്പനുറങ്ങും
ആയിടക്ക് ജിത്തുവിന്റെ കുടുംബം തമിഴ്മ നാട്ടിലെ മധുരയിലേക്ക് താമസം മാറി .
കുടുംബ വീട് ഭാഗം വെച്ചപ്പോള്‍ അവര്‍ക്ക് സ്വന്തമായി ഇത്തിരി സ്ഥലം കിട്ടി .
ജിത്തു ഒഴികെ അമ്മയും ദിവ്യയും മധുരയിലേക്ക് പോയി
അഞ്ചെട്ടു മാസം കഴിഞ്ഞ് അവന്റെ കോഴ്സ് തീര്‍ന്നപ്പോള്‍ ജിത്തുവും കൂടെ പോയി
നല്ല ഒരു സുഹൃത്ത് കൂടെയില്ലാതത്തിന്റെ നിരാശയുണ്ടായിരുന്നു കുറെനാള്‍ ,
ഇടയ്ക്ക് ഒക്കെ അവന്‍ വിളിച്ചു പിന്നെ പിന്നെ വിളി കുറഞ്ഞു .അകലം കൂടാന്‍ തുടങ്ങി
വാപ്പയ്ക്ക് പ്രമേഹ രോഗം മൂര്‍ച്ചിക്കാന്‍ തുടങ്ങി ,കാഴ്ച്ചകള്‍ മങ്ങി ,
കണ്ണടകൊണ്ട് കാര്യമില്ലന്നായി, പല ഡോക്ടര്‍ മാരെയും കണ്ടു ഒടുവിലാണ് ദക്ഷിണേന്ത്യയിലെ വലിയ
കണ്ണാശുപത്രി യായ മധുരയിലെ അരവിന്ദ് ഐ ഹോസ്പിറ്റലില്‍ പോകാമെന്ന് തീരുമാനിച്ചത്
ഞാന്‍ ജിത്തുവിന് ഫോണ്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു .
എലാ സഹായത്തിനും അവനുണ്ടാവുമെന്ന് എനിക്ക് ഉറപ്പു നല്‍കി ,
അവന് എന്നെയും എനിക്ക് അവനെയും കാണുന്നതിലുള്ള സന്തോഷമുണ്ടായിരുന്നു വാക്കുകളില്‍ .
അടുത്ത ദിവസം തന്നെ ഗുരുവായൂരില്‍ നിന്ന് പുലര്‍ച്ചെയുള്ള KSRTC ബസ്സില്‍ ഞങ്ങള്‍ മധുരയിലേക്ക് പുറപ്പെട്ടു
വൈകുന്നേരം മധുരയിലെത്തി ആശുപത്രിക്ക് അടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്തു
ഞാന്‍ ജിത്തുവിനെ വിളിച്ച് താമസിക്കുന്ന സ്ഥലവും ROOM നമ്പറും പറഞ്ഞു കൊടുത്തു .
പിറ്റേന്ന് രാവിലെ അവന്‍ എത്തി . പരസ്പരം കണ്ടതിലുള്ള സന്തോഷം വാക്കുകള്‍ക്ക് അപ്പുറമായിരുന്നു.
രാവിലെ തന്നെ ഞങ്ങള്‍ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു
കാ ഴ്ച്ച കൂട്ടാന്‍ മാര്‍ഗ്ഗമൊന്നുമില്ല ,ഉള്ള കാഴ്ച്ച കുറയാതിരിക്കാന്‍ കണ്ണില്‍ ലേസര്‍ ചികിത്സ നടത്തുക .
മാത്രമാണ് ഇനി വഴി .ലേസര്‍ ചികിത്സക്ക് രണ്ടു ദിവസത്തിന് ശേഷമുള്ള തിയതിയാണ് കിട്ടിയത് ,
അതുവരെ അവിടെ തന്നെ താമസിക്കാന്‍ തീരുമാനിച്ചു.
ജിത്തു മീനാക്ഷി ക്ഷേത്രത്തിനടുത്ത് പൂകച്ചവടം നടത്തുന്നു .നാളെ കട മറ്റൊരാളെ ഏല്‍പ്പിച്ചു വരാം എന്നേറ്റു അവന്‍ യാത്ര പറഞ്ഞു
അന്ന് വൈകുന്നേരം മുഴുവന്‍ ഞാന്‍ തിരക്കുള്ള തെരുവില്‍ ഒറ്റയ്ക്ക് അലഞ്ഞു.
പിറ്റേ ദിവസം ഉച്ചയോടെ ജിത്തുവും ,അമ്മയും ,അനുജത്തി ദിവ്യയും ഞങ്ങളെ കാണാന്‍ മുറിയില്‍ വന്നു
അമ്മയ്ക്ക് വയ്യാതായിരിക്കുന്നു.ദിവ്യ ഇപ്പോള്‍ മ്യൂസിക് ടീച്ചറാണ്
അമ്മയേയും ദിവ്യയെയും തിരികെ വിട്ട് ഞാനും ജിത്തുവും പുറത്തിറങ്ങി
സമയം സന്ധ്യയായി ഞങ്ങള്‍ അവന്‍റെ പൂക്കടയിലേക്ക് കയറി നടത്തത്തിനിടയില്‍ അവന്‍ വാതോരാതെ സംസാരിച്ചു .
പഴയ കാലങ്ങള്‍ പങ്കുവെച്ച് ഞങ്ങള്‍ പൊട്ടി ചിരിച്ചു.
പിന്നെയും നടന്നു ഞങ്ങള്‍ മീനാക്ഷി കോവിലിന്റെ നടയിലേക്ക് കയറി
കരിങ്കല്‍ പാകിയ നടപ്പാതയുടെ തണുപ്പ് കാലില്‍ ഇക്കിളിയാട്ടുന്നു
എവിടെ നോക്കിയാലും കരിങ്കല്ലില്‍ തീര്‍ത്ത വിസ്മയം
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമാണ് മീനാക്ഷി കോവില്‍
ശിവന്റെയും മീനാക്ഷിയുടെയും വിവാഹം നടന്നത് ഇവിടെ ആണെന്നാണ് ഇതിഹാസം.
ഗോപുരം ഇല്ലാത്ത കിഴക്കേ വാതില്‍ വഴി ഞങ്ങള്‍ കോവിലിന്റെ അകത്തേക്ക് കയറി ഈ വാതില്‍ നേരെ മീനാക്ഷിയുടെ സന്നിതിയിലേക്ക് എത്തും .
(മിക്കവാറും ക്ഷേത്രങ്ങളില്‍ ആദ്യം ശിവനെയും പിന്നീട് ദേവിയായും ആണ് ദര്‍ശനം ചെയ്യുന്നത്.
പക്ഷെ ഇവിടെ മീനാക്ഷിയും പിന്നെ ശിവനെയും ആണ് കാണേണ്ടത് )
എണ്ണവിളക്കുകളും നെയ്യും കര്‍പ്പൂരവും കത്തുന്ന പഴമയുടെ ഗന്ധമാണ് ചുറ്റും
ഇരുട്ട് കട്ടപിടിച്ച ഇടനാഴികള്‍
ആയിരത്തി എട്ട് തിരിയിട്ടു കത്തിക്കുന്ന വലിയ കല്‍വിളക്ക്
വലിയ കരിങ്കല്‍ വിഗ്രഹത്തിന് താഴെ ഒരാള്‍ ചെറിയ കഷ്ണ ങ്ങളാക്കിയ വെണ്ണ യുടെ ചീളുകള്‍ വില്‍ക്കുന്നു
അത് വാങ്ങി വിഗ്രഹത്തിലേക്ക് എറിയും വിഗ്രഹത്തില്‍ കൊണ്ടാല്‍ മനസ്സിലുള്ള ആഗ്രഹം നടക്കുമെന്നാണ് ,
ഒന്ന് രണ്ടെണ്ണം വാങ്ങി ഞാനും എറിഞ്ഞു
നടന്നാല്‍ തീരാത്ത ഇടനാഴികളി ലൂടെ പിന്നെയും നടന്ന് അടുത്തുള്ള കല്‍ പടവുകളിലിരുന്നു ,
താമരകുളം ചൂണ്ടി കാണിച്ച് അവനല്‍പ്പം പുരാണം പറഞ്ഞു. സംഗകാലകവികള്‍ ഒത്തു ചേര്‍ന്ന്
സാഹിത്യസംവാദങ്ങളും കവിസമ്മേളനങ്ങളും നടത്തിയിരുന്നത് ഈ കുളത്തിന്റെ പരിസരങ്ങളിലാണ്
ഈ കുളത്തെപ്പറ്റി പ്രചരിച്ചിട്ടുള്ള ഒരു കഥയുണ്ട്.
അന്നത്തെ സാഹിത്യചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്‍പ് കൃതികള്‍ മുഴുവന്‍ പെറുക്കിക്കൂട്ടി കുളത്തില്‍ എറിഞ്ഞിരുന്നത്രേ.
കാമ്പുള്ള കൃതികളാണെങ്കില്‍ വെള്ളത്തില്‍ താണുപോവില്ലെന്നായിരുന്നു വിശ്വാസം! .
അന്നത്തെ എഴുത്തുകാരുടെ ഒരുപാട് സൃഷ്ടികള്‍ ഈ കുളത്തില്‍ വീണു കൂമ്പടഞ്ഞു പോയിട്ടുണ്ടാവാം
അവനല്‍പ്പം പരിഹാസം കലര്‍ത്തി പറഞ്ഞു നിര്‍ത്തി
പിന്നെയും ഏറെ നേരം കഴിഞ്ഞാണ് ഞങ്ങള്‍ പുറത്ത് ഇറങ്ങിയത്
അപ്പോഴും പുറത്ത് കൂടകളിലാക്കി കനകാംബരവും മല്ലിപ്പൂവും കൊണ്ട് നടന്നു വില്‍ക്കുന്ന കുട്ടികളുണ്ടായിരുന്നു നടപ്പാത നിറയെ
നീ പൊയ്ക്കോ
ഇനി ഒറ്റയ്ക്ക് പൊയ്ക്കോളാം ഞാന്‍ പറഞ്ഞു
നാളെ ഉച്ചയ്ക്ക് കാണാം എന്ന ഉറപ്പില്‍ ഞങ്ങള്‍ അന്നത്തേക്ക് പിരിഞ്ഞു
പിറ്റേന്ന് വെളുപ്പിനെഴുന്നെറ്റ് ആശുപത്രിയില്‍ പോയി ലേസര്‍ അടിച്ചു .ഉച്ചയാവുമ്പോഴേക്കും തിരിച്ചെത്തി .
ജിത്തു ഞങ്ങളെ കാത്ത് രിസപ്ഷന്ല്‍ ഇരിപ്പുണ്ടായിരുന്നു പിറ്റേന്ന് രാവിലേക്ക്
ഞങ്ങള്‍ക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ അവനെ ഏല്‍പ്പിച്ചു .രാത്രി ഭക്ഷണം കഴിക്കാന്‍ അവന്‍റെ വീട്ടിലേക്ക് ഞങ്ങളെ ക്ഷണിച്ചു.
സന്ധ്യയോടെ ട്രെയിന്‍ ടിക്കറ്റുമായി ജിത്തു മുറിയില്‍ വന്നു . ഡിന്നറിന് അവന്‍റെ വീട്ടിലേക്ക് ഞാന്‍ മാത്രം പോകാന്‍ തീരുമാനിച്ചു.
നഗരത്തിന് പുറത്തേക്ക് അര മണിക്കൂറില്‍ കൂടുതല്‍ സഞ്ചരിക്കണം അവന്‍റെ വീട്ടിലേക്ക്
ഒരു പാറ കെട്ടിന് താഴെയുള്ള കൊച്ചു വീടായിരുന്നു
അമ്മയും ,ദിവ്യയും സന്തോഷപൂര്‍വ്വം എന്നെ സ്വീകരിച്ചു.
ഗുരുവായൂരിലെ വിശേഷങ്ങള്‍ തിരക്കി ,ഞങ്ങള്‍ ഏറെ സംസാരിച്ചു വിശേഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ അത്താഴം കഴിച്ചു പിന്നെ
വീടിനോട് ചേര്‍ന്ന ഇടുക്കിലൂടെ ഞങ്ങള്‍ പാറ കെട്ടിന് മുകളിലേക്ക് . കയറി പാറ കെട്ടിന് മുകളിലെ വിശാലത എന്നെ കൊതിപ്പിച്ചു
നിലാവില്‍ പാ വിരിച്ച് ഞങ്ങളിരുന്നു .
ജിത്തു തബലുമായി കയറിവന്നു
ഞാനും അമ്മയും ദിവ്യയും ശ്രോതാക്കളായി
ജിത്തു വിന്‍റെ മാന്ത്രിക വിരലുകള്‍ തബല യിലെ പെരുക്കം ഏറ്റെടുത്തു .
ജിത്തു നിറത്തിയെടത്തു നിന്ന് ദിവ്യയുടെ ശുദ്ധ സംഗീതം മുഴങ്ങി
ദിവ്യ പാടി തബലയില്‍ ജിത്തു നൃത്തം വെച്ചു
കര്‍ണ്ണാട്ടിക് സംഗീതത്തില്‍ നിലാവിന്‍റെ ചിലങ്കയൊച്ച കേട്ടുഞാന്‍
ശുദ്ധ സംഗീതം കുടിച്ച് വന്ന കാലില്‍ നിന്ന് രാവ് വളരാന്‍ തുടങ്ങി
ആരാത്രി
ആ പാറ കെട്ടിനു മുകളില്‍ ഞാന്‍ അവനെയും കെട്ടി പിടിച്ചുറങ്ങി
Subscribe to:
Post Comments (Atom)
No comments:
Post a Comment