Wednesday 21 April 2021

 മലയാള സാഹിത്യമേ മബ്റൂക് ...


പ്രിയപെട്ട സാര്‍ .
ദിവസങ്ങള്‍ ക്ക് മുന്‍പ് ഞാനൊരു കവിത അയച്ചിരുന്നു .ഇതുവരെയും അത് പ്രക്ഷേപണം ചെയ്തു കണ്ടില്ല .ദയവായി അത് പ്രക്ഷേപണം ചെയ്യരുത് .റേഡിയോ ഉച്ചത്തില്‍ ഇന്ന് വായിക്കും ,നാളെ വായിക്കും എന്നുള്ള നെഞ്ചിടിപ്പോടെ യുള്ള കാത്തിരിപ്പിന്റെ ഒരു സുഖം ഞാന്‍ അനുഭവിക്കുന്നുണ്ട് .ദയവായി അത് ഇല്ലാതാക്കരുത് .
കത്ത് ഏഷ്യാനെറ്റ് റേഡിയോ 657 AM ന്‌ അയച്ചു എന്‍റെ അപേക്ഷ അവര്‍ നിരാകരിച്ചു അടുത്ത ദിവസം അബുദാബിയില്‍ നിന്നിറങ്ങുന്ന അറേബ്യ  വാരികയിലും റേഡിയോയിലും ഒരേ ദിവസം കവിത വന്നു .പിന്നീടും പല കവിതകളും ഒരു അഭിമുഖവും റേഡിയോയില്‍ തന്നെ പ്രക്ഷേപണം ചെയ്തിരുന്നു .ഈ ഭാഗം ആരും തൊടാതെ ഇങ്ങനെയിരിക്കട്ടെ .
ഷെയ്ക്ക് സാഈദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്റെ ജോലിയില്ലാത്ത വിസയിലാണ് ഞാന്‍ അബുദാബിയില്‍  എത്തുന്നത് .
കേള്‍ക്കുമ്പോള്‍ ഒരു വൈരുധ്യം തോന്നുമായിരിക്കും ഷെയ്ക്കിന്റെ വിസയില്‍ ജോലിയില്ലെന്ന് എങ്കില്‍ സത്യം അങ്ങനെ തന്നെ ആയിരുന്നു ജോലി നമ്മള്‍ തന്നെ കണ്ട് പിടിക്കണം ജോലി കിട്ടി കഴിഞ്ഞാല്‍ വിസ മാറുന്നതിനുള്ള ഏര്‍പ്പാടുകള്‍ പി .ആര്‍ .ഓ ചെയ്തു തരും അതിന്‌ കൂടിയുള്ള പണം ആദ്യം പി ആര്‍ ഓ ക്ക്  കൊടുത്തിരുന്നു .അക്കാദമിക്ക് യോഗ്യതകളും ,നാട്ടില്‍ ഒരു ജോലിയും ചെയ്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റുകളും കക്ഷത്തിലടുക്കി ഓരോ ഓഫീസുകളും കയറി ഇറങ്ങി സി .വി യും കൊടുത്തു ഇന്റര്‍വ്യൂ വിനുള്ള  വിളിയും കാത്ത് മൊബൈല്‍  തലക്കടുത്തുണ്ടെന്നു ഉറപ്പുവരുത്തി മുറിയില്‍ ഉറങ്ങുകയും ,ഉണരുകയും ചെയ്യുന്ന പകലിലാണ് 
കവിതകള്‍   റേഡിയോയിലേക്ക് അയച്ചു കൊടുത്തു കൊണ്ടിരുന്നതും ,വീട്ടിലെ ചിത്രങ്ങളില്‍ നിന്ന് ഒളിച്ചിരിക്കാന്‍ റേഡിയോ തന്നെ കൂട്ടായതും.
ജോലിയില്ലാതിരുന്ന ഈ ദിവസങ്ങളിലൊക്കെ മുറിയുടെ വാടകയും ,എന്‍റെ ഭക്ഷണവും എന്‍റെ ബാല്യ 
സുഹൃത്തും ഒരു ഗ്രോസറിയിലെ ജീവനക്കാരനുമായ ജമാലിന്റെ ചുമതലയായിരുന്നു .മുറിയില്‍ താമസിക്കുന്നതിന് ഒരു നിബന്ടനയെ അവന് ഉണ്ടായിരുന്നുള്ളൂ ,ജോലിയില്ലെന്ന് മുറിയില്‍ ആരും അറിയരുത് , സഹമുറിയന്‍മാര്‍ ജോലിക്കിറങ്ങുമ്പോള്‍ കുളിച്ചൊരുങ്ങി ജോലിക്കെന്ന വ്യാജേനെ മുറിയില്‍ നിന്നിറങ്ങിയെക്കണം .അവര്‍ ചോദിച്ചാല്‍ പറയേണ്ട കമ്പനിയുടെ പേരും അവന്‍ തന്നെ പറഞ്ഞു തന്നു .അങ്ങനെ മുറയില്‍ ജോലിയില്ലാത്ത ഞാനും ഒരു നല്ല വലിയ കമ്പനിയില്‍  ജോലിയുള്ളവനായി  .ഉച്ചവരെ സി .വി .കൊടുത്ത ഓഫീസുകളിലും ,സിവി കൊടുക്കാനുള്ള പുതിയ ഓഫീസുകളും കമ്പനികളും കണ്ടെത്താലായിരുന്നു .
ഉറങ്ങി, ഉറങ്ങി  മടുത്ത ഉഷ്ണകാറ്റുള്ള   വൈകുന്നേരം സലാം സ്ട്രീട്ടിലെ മസ്ജിദുല്‍ സബാഹ ക്ക് മുന്നിലുള്ള ഒഴിഞ്ഞ ബഞ്ചില്‍  ഒരു മിസ്ഡ് കോളുകൊണ്ട് ഏത് തരം മദ്യവും ,ഏത് ഭാഷ സംസാരിക്കുന്ന വേശ്യകളെയും മുറിയില്‍ എത്തിക്കാവുന്ന തരത്തിലേക്ക് വളര്‍ന്ന 
ഒരു അറബ് രാജ്യത്തിന്റെ നാഗരികതയില്‍ കൌതുകംപ്പൂണ്ടു ഞാനിരുന്നു അവിടെ വെച്ചാണ് 
വെളുത്ത് മെലിഞ്ഞ സാമാന്യ പൊക്കമുള്ള കണ്ണട വെച്ച ഒരു കണ്ണൂര്‍ക്കാരന്‍ യുവാവിനെ പരിചയപ്പെടുന്നത് .പ്രവാസത്തില്‍ (പ്രയാസത്തില്‍ ) ഓരോ പരിചയപ്പെടലുകളും  ഒരു സാധ്യത യാണെന്ന് മനസ്സിലാക്കിയിരുന്നു .പേരും ,നാളും ജാതകവും ഇപ്പോള്‍ ജോലിയില്ലെന്നും വല്ല ജോലിക്കുള്ള സാധ്യതയുണ്ടോ എന്നും തിരക്കി ഞങ്ങള്‍ പരിചയപെട്ടു മൊബൈല്‍ നമ്പര്‍ കൊടുത്തു ഉണ്ടങ്കില്‍ വിളിക്കാമെന്നും പറഞ്ഞു അവന്‍ പോയി .വൈകിയില്ല പിറ്റേന്ന് തന്നെ അവന്‍ വിളിച്ചു.ജോലിയുണ്ട് ഓഫീസി സെക്രടറിയായി ആറു മാസത്തെ ലീവ് വെക്കന്‍സിയാണ് പക്ഷെ 500 DHS  അവനു  കൊടുക്കണം 1500 DHS ശമ്പളം ,താമസം സൌജന്യം ലേബറിനെ ഒന്നും പേടിക്കേണ്ട കാര്യമേ ഇല്ല .ഞാന്‍ രാത്രി ജാമാലിനെ പോയി കണ്ടു കാര്യങ്ങള്‍ പറഞ്ഞു അവന്‍ തന്നെ വേണം പണം സങ്കടിപ്പിച്ചു തരാന്‍ 900 DHS മാത്രം ശമ്പള മുള്ള അവന്‌  അപ്പോള്‍  തന്നെ ഞാന്‍ വലിയ ബാധ്യതയാണ് ഇനി ഇതും കൂടി .
നിനക്ക് ആളെ നേരത്തെ പരിചയമുണ്ടോ ...?
ഇല്ല എന്നും ഇന്നലെ പരിചയപ്പെട്ടതാണെന്നും പറഞ്ഞു. പറ്റിക്കപെടുമോ എന്നചോദ്യത്തിന് ധൈര്യപ്പൂര്‍വ്വം ഇല്ലെന്നു തലയാട്ടി അതിന് എനിക്ക് തോന്നിയ ചില കാരണങ്ങളുണ്ടായിരുന്നു.അയാളുടെ കണ്ണട ചില്ല് വളരെ കട്ടികൂടിയതും വളരെ കൂടിയ ലെന്‍സ്‌ പവരുമുണ്ടായിരുന്നു .
പലപ്പോഴും കണ്ണട എടുത്തു മാറ്റുമ്പോള്‍ അരികിലുള്ള എന്നെപ്പോലും അയാള്‍ക്ക്‌ കാണുന്നുണ്ടായിരുന്നില്ല എന്ന് എനിക്ക് മനസ്സിലായിരുന്നു .ഇത്തരത്തിലുള്ള ഒരാള്‍ പറ്റിക്കുകയില്ല എന്ന് എനിക്കെന്തോ വല്ലാത്ത വിശ്വാസം തോന്നി .അതും അന്യ നാട്ടില്‍ വെച്ച്  പിറ്റേന്ന് അവന്‍ വീണ്ടും വിളിച്ചു ഖലീഫ റോഡിലേക്ക് ചെല്ലാന്‍ ആവശ്യപെട്ടു പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്ത് ഞങ്ങള്‍ കണ്ടു മുട്ടി .അവന്‍ ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്തു എന്നെ ഒരു ഓഫീസിലേക്ക് ക്കൂട്ടി കൊണ്ട് പോയി പുറത്തിരിക്കാന്‍ പറഞ്ഞു .പണവും വാങ്ങി കൊണ്ട് അവന്‍ ഓഫീസിനകത്ത് ആരോടോ സംസാരിക്കുന്നത് ഞാന്‍ കണ്ടു .കനമുള്ള നിമിഷങ്ങളില്‍ ഞാന്‍ മണിക്കൂറുകളോളം  പുറത്തിരുന്നു .അവന്‍ ആ വഴി വന്നതേ ഇല്ല .മൊബൈല്‍ ഒഫ്ഫായിരിക്കുന്നു .ഓഫീസില്‍ കയറി അന്വേഷിച്ചു. അവനെ ആര്‍ക്കും പരിചയമില്ല . ജമാലിനെ കണ്ടു അവനോട് ഒന്നും പറയേണ്ടി വന്നില്ല .കണ്ണ് കാണാതാവുന്നതും കാണുന്നതും പറ്റിക്കാനും പറ്റിക്കപെടാനും ഒരു കാരണമല്ലെന്ന് പഠിചെന്കില്‍ നന്ന്   എന്ന് മാത്രം പറഞ്ഞു പട്ടാണി റെസ്ടോരണ്ടിലെ  തണ്ടൂരി റൊട്ടിയും മട്ടന്‍കടായിയും വാങ്ങി തന്നു 
പിന്നീടുണ്ടായ ജോലിയില്ലാത്ത ഒരു പകല്‍ കാമ്പസ് അനുഭവത്തെ കുറിച്ച് എഴുതാന്‍ റേഡിയോ ആവശ്യപെടുന്നു .എന്‍റെ  കാമ്പസ് അനുഭവം എഴുതി അയച്ചു രണ്ടു ആഴ്ചകളിലായി റേഡിയോ നാടകമായി മനീഷയും ,അന്‍വര്‍ പലേരിയും അവതരിപ്പിച്ചതിന്റെ പിറ്റേ ദിവസം എനിക്കൊരു ഫോണ്‍ വന്നു.അനുഭവം വളരെ നന്നായിരുന്നെന്നും തീവ്രമായിരുന്നെന്നും പറഞ്ഞു .കൂടുതല്‍ സംസാരിച്ചു ഞങ്ങള്‍ കൂടുതല്‍ പരിചയപ്പെട്ടു അയാള്‍ അബുധാബിയിലെ  ലെ മരിടിയന്‍ എന്ന പഞ്ച നക്ഷത്ര ഹോട്ടലിലാണ് ജോലി എന്നും പറഞ്ഞു .എനിക്ക് ജോലിയില്ലെന്നും  തരപ്പെടുത്താന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നും  ആരാഞ്ഞു.മിനാ റോഡിലെ ഗ്രേ മെക്കന്‍സിക്ക് മുകളിലുള്ള അഞ്ചാമത്തെ നിലയിലെ മുറിയില്‍ വെച്ച് ഞങ്ങള്‍ നേരില്‍ കണ്ടു ഓരോ പരിചയപ്പെടലുകളില്‍ പറ്റിക്കപെടാതിരിക്കാനുള്ള സാധ്യതയും ഉണ്ടാവുമായിരിക്കും .ലെ മേരിടിയന്‍ എന്ന  ഹോട്ടലില്‍ എക്സ്ട്രാ സ്റ്റാഫ് എന്ന പേരില്‍ താല്‍ക്കാലികമായി ആളുകളെ എടുക്കുന്നുന്ടെന്നും ഹോട്ടലിലേയ്ക്ക് വരാനും (അയാളുടെ പേര് ഇന്നെനിക്ക് ഓര്‍മയില്ല,ഇനി ഏതെങ്കിലും ആള്‍ക്കൂട്ടത്തില്‍ വെച്ചു കണ്ടാല്‍ തിരിച്ചറിയുമോ ആവോ  )ആവശ്യപ്പെട്ടു .ഹോട്ടലിലെ ജോര്‍ദാന്‍ കാരനായ സൂപ്പര്‍ വൈസരെ കണ്ടു സംസാരിച്ചു എക്സ്ട്രാ സ്റ്റാഫ് ആയി എന്നെ കൊണ്ട് വന്നവന്റെ അസിസ്റ്റന്റ്റ് ആയി ജോലിക്ക് വെച്ചു.അയാള്‍ ഒരു ചിത്രകാരനായിരുന്നു അയാള്‍ക്ക്‌ ഒരു അസിസ്റ്റണ്ടിന്റെ ആവശ്യമേ ഇല്ലായിരുന്നു പാര്‍ട്ടികളില്‍ ഇന്ടിരീയര്‍ ജോലിയായിരുന്നു അയാള്‍ക്ക്‌ .ചിത്ര കലയുമായി ഒരു ബന്ടവുമില്ലാത്ത ഒരു ബ്രഷ് പോലും ശരിയാം വണ്ണം പിടിച്ചിട്ടില്ലാത്ത എനിയ്ക്ക് എങ്ങനെയാണ് താങ്കളെ സഹായിക്കാനാവുക .അയാള്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു .കഥകള്‍ കവിതകള്‍ എന്‍റെ ഇഷ്ട്ടങ്ങളാണ് താങ്കള്‍ എനിക്ക് വേണ്ടി ഇത്തിരി കവിതകള്‍ ചൊല്ലുക ആ ബ്രഷ് കയ്യിലെടുത്തു വെച്ചു നമുക്ക് എഴുത്തിനെയും സാഹിത്യത്തെയും കുറിച്ച് സംസാരിക്കാം .അത്ര മാത്രം താങ്കള്‍ എനിക്ക് വേണ്ടി ചെയ്യണം .അടുത്തു ആളുകള്‍ ഇല്ലാത്ത സമയത്തൊക്കെ അയാള്‍ക്ക്‌ വേണ്ടി ഞാന്‍  കവിതകള്‍ ചൊല്ലി കഥകള്‍ പറഞ്ഞു ,വാക്കാതുവ ട്ടെറസ് റെസ്റ്റോറനടിന്റെ ചുമരുകളില്‍ വരാനിരിക്കുന്ന അതിഥിക്കായി അയാള്‍ ചിത്രം വരച്ചു 
ഇതിനിടയില്‍ ചെറിയൊരു ഭാഗത്തെക്കൂടെ  പരാമര്‍ശിച്ചു പോകുന്നു .ബീച്ച് ബാറിന്റെ ഒറ്റപ്പെട്ട ചുമരുകളില്‍ അയാള്‍ അവസാന വട്ട മിനുക്ക്‌ പണി നടത്തുന്നു .ബീച്ചില്‍ ബിക്കിനിയിട്ട മദാമമാര്‍  മലര്‍ന്നു കിടക്കുന്നു കണ്ണുകള്‍ കൊണ്ട് ബലാല്‍സംഗമരുതെന്ന  നിയമത്തിനു  വഴങ്ങി ഞങ്ങള്‍ ജോലിയില്‍ മാത്രം ശ്രദ്ധയിലിരിക്കെ കണ്ണുകളില്‍ കടലിനേക്കാള്‍    ആഴവുമായി ഒരു സ്ത്രീ  പര്‍ദ്ദയിട്ട്  ഞങ്ങള്‍ക്കരികിലൂടെ  കടന്ന് പോയി ഏതെങ്കിലും അറബി പെണ്ണാവണം പര്‍ദ്ദ എന്ന വസ്ത്രദാരണം കൊണ്ട് മാത്രം ഞാന്‍ അങ്ങനെ അളക്കുന്നു   (സ്വദേശി ആയാലും ,വിദേശി ആയാലും ).കൂടുതല്‍ സമയമൊന്നും വേണ്ടി വന്നില്ല  ബീച്ചില്‍ നിന്ന് സ്വതന്ദ്രമായി ആ സ്ത്രീ വസ്ത്രം മാറുന്നു ബിക്കിനിയിട്ട്    കടലിന്റെ നീല വെളിച്ചത്തിലേക്ക് ഊളിയിട്ടു പോയി ,ബഞ്ചില്‍ മറ്റ് വസ്ത്രങ്ങളോടൊപ്പം പര്‍ദ്ദ വിശ്രമിക്കുന്നു .അയാള്‍ എന്നെ നോക്കിച്ചിരിച്ചു ,ഒരു മുസല്‍മാനായത് കൊണ്ടാവണം ആ ചിരി ഇപ്പോഴും എന്നെ കൊളുത്തി വലിക്കുന്നുണ്ട് .പതിവ് പ്പോലെ പിറ്റേന്നത്തെ പകലുകളിലും 
ഞാന്‍ അയാള്‍ക്ക്‌ വേണ്ടി കവിത ചൊല്ലി ,
 ബഷീറിന്റെ ,കേശവദേവിന്റെ .എം ടി യുടെ അനുഭവങ്ങള്‍ കീറി അയാള്‍ക്ക്‌ കൊടുത്തു,ഷെല്ലിയുടെയും കീട്ട്സിന്റെയും കവിതകള്‍ക്കൊപ്പം എന്‍റെ ഇംഗ്ലീഷ് ലെക്ട്ച്ചരെ അയാള്‍ക്ക് മുന്നില്‍ പുനരവതരിപ്പിച്ചു,ജിബ്രാന്റെ ,റൂമിയുടെ ഏറ്റവും മനോഹരമായ വരികള്‍ , മാധവികുട്ടിയുടെ എഴുത്തിന്റെ നഗ്നതകള്‍ , ഷഹര്‍ സിയാദയുടെ രാത്രികളെ ഓര്‍മിച്ച്,സാദ് പറഞ്ഞുകൊടുത്ത കഥകളില്‍ അടിവരയിട്ട്, അങ്ങനെ അയാള്‍ വായിച്ചിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത ഓരോ കഥകള്‍ ഓരോ ദിവസവും ഞാന്‍ അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തു  കഥകള്‍ പറഞ്ഞ് കവിതകള്‍ ചൊല്ലി ഒന്‍പത് മാസക്കാലം അയാളുടെ അസിസ്റ്റന്റായി ജോലി ചെയ്തു. തരക്കേടില്ലാത്ത ശമ്പളവും ശാപ്പാടും തരപ്പെട്ടു .ഇംഗ്ലീഷ് സാഹിത്യത്തില്‍  ഞാന്‍ പഠിച്ചെടുത്ത അക്കാദമിക് ബിരുദമേ മലയാള സാഹിത്യമേ നിനക്ക് സലാം ...
    
(ഇനി ഏത് ആള്‍ കൂട്ടത്തില്‍ കണ്ടാല്‍ പോലും എന്നെ പറ്റിച്ചു കടന്ന് പോയ കണ്ണൂര്‍ക്കാരനെ ഞാന്‍ തിരിച്ചറിയുമെന്നു വിശ്വസിക്കുന്നു .അതെ സമയംതന്നെ നല്ല ശമ്പളവും ശാപ്പാടും തരപ്പെടാന്‍ കൈനീട്ടി തന്ന  മനുഷ്യനെ തിരിച്ചറിയുമെന്നു കരുതാന്‍ എനിക്കാവുന്നുമില്ല 
ഇത് എന്തു തരം മാജിക് ആയിരിക്കും ...കൈ തന്നവനെ മറന്നു പോകുന്ന ,കിട്ടാനുള്ളത് മാത്രം ഓര്‍ത്തെടുക്കുന്ന ഒരു തരം മലയാളി മാജിക്ക് ആയിരിക്കാമോ )

No comments: