Wednesday 21 April 2021

 സൂസന്‍ മേരിജോര്ജ്


ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ 

ഫോണിന്‍റെ അങ്ങേ തലക്കല്‍ നിന്ന് അവളുടെ ചിതറുന്ന ശബ്ദം കേള്‍ക്കും 

എടി കന്യാ മറിയമേ 
നീ ഇതെവിടെ നിന്നാ വിളിക്കുന്നേ 
വല്ലപ്പോഴും കേള്‍ക്കുന്ന അവളുടെ ശബ്ദത്തില്‍ ഞാന്‍ സന്തോഷവാനാകും 

എടാ 
ഞാന്‍ എന്നും എല്ലാ പത്രങ്ങളിലെയും ചരമകോളത്തില്‍ തിരയും  
നിന്‍റെ മരണ വാര്‍ത്തയുണ്ടോ എന്ന് 
അവള്‍ ചിരിച്ചു കൊണ്ട് മറുപടിപറയും 

 
സുഹൃത്ത് എന്ന വാക്കിന്‍റെ വിശാലതയില്‍ ഒരു പക്ഷെ എനിക്ക് ആകെ ഉണ്ടായിരുന്നത് മേരി സൂസന്‍ ജോര്‍ജ്  മാത്രമായിരുന്നിരിക്കണം 

നവ മാധ്യമങ്ങളുടെ ഓര്‍ക്കൂട്ട് കാലത്ത് അവിചാരിതമായി കൂട്ടുകൂടിയ പ്രൊഫൈല്‍ ഫ്രണ്ടായിരുന്നു  ക്രിസ്തുവിന്റെ കാമുകി മേരി സൂസന്‍ ജോര്‍ജ് .

നിനക്കെങ്ങനെ ഒരു കന്യാ സ്ത്രീ ആവാന്‍ കഴിഞ്ഞുവെന്ന്  തമാശയില്‍ പൊതിഞ്ഞ ആശ്ചര്യത്തോടെ ഞാന്‍ പലപ്പോഴും അവളോട്‌ ചോദിച്ചിട്ടുണ്ട് 
ക്രിസ്തു കണ്ണു കയ്യും കാട്ടി വീഴ്ത്തിയതാ പിന്നെ പുള്ളിക്കാരനെ തന്നെ കെട്ടാമെന്ന് ഞാനും കരുതി അവള്‍ അതേ താളത്തില്‍ മറുപടി പറയും 

എടാ ഞാനിപ്പോള്‍ വയനാട്ടിലുണ്ട് രണ്ട് രാത്രിയും ഒരു പകലും ആ ദിവാസികുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കു മൊപ്പം ഒരു ക്യാമ്പ് തൊട്ടടുത്ത പകലില്‍ നിന്നെയും കാണാമെന്നു കരുതുന്നു തിരക്കുണ്ടോ നിനക്ക് 

വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ മാത്രം വീണു കിട്ടുന്ന സന്ദര്‍ശനം എത്ര തിരക്കുണ്ടങ്കിലും ഞാന്‍ മാറ്റിവെക്കും കാരണം അവള്‍ എനിക്ക് ഒരു അത്ഭുതമായിരുന്നു 

നല്ല വായനക്കാരി , ഓരോ വിഷയത്തിലും ആധികാരികമായി തിരിച്ചറി വുള്ളവള്‍ ,തലക്കെട്ടില്ലാത്ത കുത്തിവരകളില്‍ കവിത ഒളിപ്പിക്കുന്നവള്‍
മരണമെന്ന വിഷയത്തില്‍ മാത്രം എത്ര പറഞ്ഞാലും മതി വരില്ല അവള്‍ക്ക് 
നീ തിരുവസ്ത്രമിട്ട യക്ഷിയല്ലലോ എന്ന് ചിരിച്ചു കൊണ്ട്ഞാനവളെ നുള്ളി നോക്കും 

ചിലപ്പോഴെങ്കിലും അവളെ വിശ്വസിക്കാനാവില്ല മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനു മുന്നില്‍  രാവിലെ മുതല്‍ വൈകുന്നേരം വരെ എന്നെ കാത്തു നിര്‍ത്തിയിട്ടുണ്ട് 

 നീ മടങ്ങി പോകുന്നത് ഞാന്‍ ഒറീസ്സയില്‍ ഇരുന്നു കൊണ്ട് കാണുന്നുണ്ടായിരുന്നു  ധ്യാനം കൂടി നീ നന്നാവട്ടെ എന്ന്  കരുതിയത് തെറ്റാണോ 

ഞാന്‍ ദേഷ്യപ്പെട്ട് ഫോണ്‍ കട്ട് ചെയ്തു ,അവള്‍ പിന്നെയും വിളിച്ചു 
ഈ മത്തായിച്ച നിങ്ങനെയാ ..ഒന്ന് പറഞ്ഞു രണ്ടാമത്തതിന് വാതിലടച്ച് കുറ്റിയിട്ടു കളയും അവള്‍ ചിരിച്ചു ആ ചിരിയില്‍ പിണക്കങ്ങളെല്ലാം ഒഴുകിപ്പോയി 

നഗര തിരക്കില്‍ , പബ്ലിക് ലൈബ്രറിയുടെ വരാന്തയില്‍ ,ലൂര്‍ദ്ദ് പള്ളിയുടെ കല്‍പ്പടിയില്‍ ,DC ബുക്സിന്‍റെ അലമാരകളില്‍ കവിതകള്‍ തിരഞ്ഞ് വെറും കയ്യോടെ മടങ്ങിയ വൈകുന്നേരങ്ങള്‍ 

നീ ഓര്‍ത്തു നോക്കിക്കേ 
മരിച്ചു പോയവരുടെ ചുണ്ടില്‍ അകത്തേക്കോ പുറത്തേക്കോ എന്ന് പറയാനാവാത്തവിധം പിടഞ്ഞുപോയ അവരുടെ അവസാനത്തെ വാക്കുകള്‍ ഉണ്ടാവില്ലേ ഓരോ ചുണ്ടുകളിലും. . മരിച്ചു പോയവരുടെ എല്ലാവരുടെയും ചുണ്ടുകളില്‍ നിന്ന് അവയെല്ലാം അടര്‍ത്തിയെടുത്ത് നിവര്‍ത്തിവെച്ചാല്‍ കിട്ടുന്ന ആ വലിയ വാചകം എന്തായിരിക്കും 
കുട്ടികളുടെ ഹൈഡ് ആന്‍ഡ്‌ സീക്ക് കളിപോലെ ഏത് വലിയ രഹസ്യത്തിലേക്കായിരിക്കും വാതില്‍ തുറക്കുക 

എന്തുപറ്റി എന്നര്‍ത്ഥം വന്നേക്കാവുന്ന വിധത്തില്‍ ഞാനവളെ നോക്കി 
അവള്‍ പിന്നെയും പറഞ്ഞു 
എന്‍റെ കൂടെ കളിച്ച് 
ഒപ്പം പഠിച്ച കൂട്ടുകാരിയുടെ ഭര്‍ത്താവ് രണ്ട് ദിവസം മുമ്പ് മരിച്ചുപോയി ,ആ രാത്രി മുഴുവന്‍ ഞാന്‍ അവളെ കെട്ടിപ്പിടിച്ചു ,ഞങ്ങള്‍ ഉറങ്ങാതിരുന്നു 
ഇപ്പോള്‍ എല്ലാവരും പോയികാണും ,അവള്‍ മാത്രം ഒറ്റയ്ക്കായി കാണും ,പ്രണയ വിവാഹമായിരുന്നു , അവന്‍ എന്‍റെ കൂടി BEST FRIEND ആയിരുന്നു 
അവള്‍ കുരിശു വരച്ചു 
ഫോണെടുത്ത് ആര്‍ക്കോ വിളിച്ചു ,  ,അവള്‍ വീണ്ടും വിളിച്ചു 
മരിച്ചു പോയെങ്കിലെന്താ വിളിച്ചാല്‍ ഫോണൊന്ന് എടുത്തുക്കൂടെ അവന് ,ആത്മഗതം പോലെ  പിറു പിറുത്തു 
മരിച്ചു പോയവന്റെ ഫോണിലേ ക്കാണ്‌ അവള്‍ വീണ്ടും വീണ്ടും വിളിക്കുന്നതെന്ന് മനസ്സിലായി 
എനിക്കൊട്ടും അത്ഭുതം തോന്നിയില്ല  കാരണം അവള്‍ ഇങ്ങനെയൊക്കെയാണ്,(ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ സൗഹൃദത്തിന്‍റെ ഹേതുവും)  

ട്രെയിന്‍ വരാന്‍ ഇനിയും നേരമുണ്ട് 
വാച്ചില്‍ സമയം നോക്കുന്നത് കണ്ട് ഞാന്‍ പറഞ്ഞു 

സാരമില്ല സ്റ്റെഷനിലോട്ട് നമുക്ക് പതുക്കെ നടക്കാം അവള്‍ പതുക്കെ പറഞ്ഞു 

റൌണ്ടിലെ തിരക്കുള്ള റോഡ്‌ മുറിച്ചു കടന്ന് പാലസ് റോഡിലൂടെ ഞങ്ങള്‍ റെയില്‍വേ സ്റ്റേശഷനിലെത്തി 

രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ തിരക്ക് നന്നേ കുറവ് ,
അടുത്ത് കണ്ട ഒഴിഞ്ഞ കല്‍ ബെഞ്ചില്‍ അവളിരുന്നു ,ഞാന്‍ അപ്പുറത്തെ കോഫി ഷോപ്പില്‍ നിന്ന് രണ്ട് കപ്പ് കാപ്പി വാങ്ങി ഒന്ന്അവള്‍ക്ക് നീട്ടി 

ഇനി എന്നാണ് 

മൗനം മുറിക്കാന്‍ ഞാന്‍ തുടക്കമിട്ടു 
ഉം ...
അവള്‍ ഒന്ന് മൂളുക മാത്രം ചെയ്തു , ആ മരണം അവളെ വല്ലാതെ മുറിവേല്‍ പ്പിച്ചിരിക്കുന്നു 

മൗനം അല്‍പ്പനേരം കൂടെ തുടര്‍ന്നു , 
 
തോളില്‍ തൊട്ട് വിളിച്ച് കൈനീട്ടിയ തമിഴത്തി പെണ്‍കുട്ടിക്ക് അവളൊരു മിട്ടായി കൊടുത്തു 

എടാ നമ്മള്‍ മരിച്ചു കഴിയുമ്പോള്‍ എല്ലാവരും ചേര്‍ന്ന് നമ്മളെ മണ്ണിന്‍റെ ആഴങ്ങളിലേക്ക് ഇറക്കി വെക്കുന്നു 
എനിക്ക് പലപ്പോഴും തോന്നിയി ട്ടുണ്ട് പ്രിയപ്പെട്ടവരെല്ലാം ചേര്‍ന്ന് നമ്മളെ ഒരു റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു പോയി യാത്രയാക്കുകയാണെന്ന് .
യാത്രയില്‍ കഴിക്കേണ്ട മരുന്നുകള്‍ പൊതിഞ്ഞു തരുമ്പോലെ , നെറ്റിയില്‍ അവര്‍ ചുവന്ന ചുംബനങ്ങള്‍ നല്‍കുന്നു  ,എല്ലാവരും പോയി കഴിയുമ്പോള്‍ മണ്ണിന്‍റെ ആഴങ്ങളില്‍ ഒരു തീവണ്ടി വന്നു നില്‍ക്കും ,നമ്മള്‍ അതില്‍ ആദ്യത്തെ ബര്‍ത്തില്‍ കയറി കിടക്കും ,ഓരോ സ്റ്റെഷനിലും നിര്‍ത്തി ,നിര്‍ത്തി ആ തീവണ്ടി പതുക്കെ ,പതുക്കെ പോയി കൊണ്ടേയിരിക്കുകയാകും 

സമയം പതുക്കെ നീങ്ങുന്നു 

ഇന്ത്യന്‍ റെയില്‍വേ യുടെ അലിഖതം നിയമം പാലിച്ചു കൊണ്ട് ട്രെയിന്‍ നാല്‍പ്പത്തി അഞ്ച് മിനിറ്റ് വൈകി വന്നു 

അവള്‍ തിരക്കിട്ട് അകത്തു കയറി 

ഞാന്‍ തിരിഞ്ഞു നോക്കാതെ പുറത്തേക്ക് നടന്നു 
.
വൈകിയാണ് വീട്ടിലെത്തിയത് ,വന്നപ്പാടെ ഉറക്കത്തിലേക്ക് വീണു,ഒരുറക്കം കഴിഞ്ഞപ്പോഴേക്കും ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി 

നീ ഉറങ്ങിയോ 
ഉം ..ഞാനൊന്നു മൂളുക മാത്രം ചെയ്തു 

എവിടെ എത്തി 
അറിയില്ല 
നീ ഉറങ്ങിയില്ലേ ..?
ഇല്ല 
ലൈറ്റ് അണച്ച് മറ്റെല്ലാവരും ഉറക്കത്തിലാണ് 
എല്ലാവരും ഉറങ്ങി കിടക്കുമ്പോള്‍ നിറയെ ശവങ്ങള്‍ മാത്രമുള്ള ഒരു വണ്ടിപോലെ തോന്നുന്നു ,ശവങ്ങളുടെ കാവല്‍ക്കാരിയായി ഞാന്‍ മാത്രം ഉണര്‍ന്നിരിക്കുന്നു 

ശുഭരാത്രി നീ ഉറങ്ങിക്കൊള്ളു അവള്‍ പറഞ്ഞു 
ഞാന്‍ ശുഭയാത്ര നേര്‍ന്നു 
-----


(സൂസന്‍ മേരിജോര്ജ് ഇത്രയും കാലം ഞാന്‍ നിന്‍റെ ഓര്‍മകളെ എന്‍റെ തൊടിയില്‍ മാത്രം കെട്ടിയിട്ട് വളര്‍ത്തുകയായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രാത്രി ഞാന്‍ ഈ കുറിപ്പ് കൊണ്ട് കെട്ടഴിച്ച് മേയാന്‍ വിടുകയാണ് നീ എന്നോട് ക്ഷമിക്കുക )



ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ 

No comments: