Wednesday 21 April 2021

 ശെന്തിലും,ചെമ്പരത്തിയും  ( കുറിപ്പുകള്‍ )


എന്‍റെ കുട്ടിക്കാലത്തെ ചങ്ങാതിയും ,പിന്നീടെപ്പഴോ അടിമുടി കച്ചവടക്കാരനായി തീര്‍ന്ന അഫ്സലി ന് യൂക്കാലിപ്സ് തോട്ടം വാങ്ങുന്നതിന് വേണ്ടിയാണ്   അവനോടൊപ്പം ഞാന്‍  മൂന്നാറില്‍ എത്തുന്നത് .KSEB ഡാം മിനോട് ചേര്‍ന്നുള്ള റിസോട്ടിലായിരുന്നു രണ്ടാഴ്ച്ച കാലമത്രയും  ഞങ്ങളുടെ താമസം .
എല്ലാ ദിവസവും രാവിലെ ഇടനിലക്കാരുമായി തോട്ടം കാണാനിറങ്ങും 
ഞങ്ങള്‍ വിനോദ സഞ്ചാരികള്‍ ആല്ലാത്തത് കൊണ്ട് തന്നെ മൂന്നാറിലെ ഒട്ടുമിക്ക മുക്കും മൂലയിലുടെയും കടന്നുപോയി . ഒട്ടേറെ തോട്ടങ്ങള്‍ കണ്ടു , യൂക്കാലി മരങ്ങളുടെ വിപണന സാധ്യതകള്‍ അറിഞ്ഞും ആരാഞ്ഞും കടന്നുപോയി . 
ഞങ്ങളെ കണ്ട മാത്രയില്‍ ഒട്ടേറെ മരങ്ങള്‍നിലവിളിച്ചു.
യൂക്കാലിപ്സ് മരങ്ങളുടെ ശവങ്ങളും  വഹിച്ച് വലിയ വലിയ ലോറികള്‍ ഓരോ ദിവസവും ഞങ്ങളെ കടന്നുപോയി .
യൂക്കാലിപ്സ് തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് പ്രായപ്പൂര്‍ത്തിയായ മരങ്ങളെല്ലാം വെട്ടിയെടുത്ത് അടുത്തുള്ള പേപ്പര്‍ മില്ലിന് വില്‍ക്കും ,വേഷവും ,ഭാഷയും മാറി പുത്തന്‍ കടലാസുകളായി അവര്‍ പുറത്തിറങ്ങും ,അത് തന്നെയാണ് ഞങ്ങളുടെയും ഉന്നം .
ആ വെള്ള കടലാസില്‍ തന്നെ നമ്മള്‍ "മരം ഒരു വരം" എന്നെഴുത്തും 
ഒരു മരം വെട്ടിയാല്‍ പകരം പത്ത് മരങ്ങള്‍ വെച്ചു പിടിപ്പിക്കണം എന്ന അലിഖിത നിയമത്തിന് ഒച്ചവെക്കും ,പകരം നട്ട മരങ്ങള്‍ വെട്ടിമാറ്റാന്‍ ഞങ്ങളെ പോലെ ഒരു ഞങ്ങള്‍ പിന്നെയും ചുരം കയറും 

രാത്രി എത്തിയാല്‍ പുറത്ത് റിസോര്‍ട്ടി നോട്‌ ചേര്‍ന്നു ള്ള ലോണില്‍ വെച്ചാണ് ബിസിനസ്സ് മീറ്റ്‌ .തോട്ടം ഉടമകളുമായി വില പേശലും തര്‍ക്കങ്ങളും ,കൂട്ടലും കുറയ്ക്കലും ഒക്കെയായി രാവ് നീളും മദ്യത്തിന്‍റെ അളവ് കൂടും ക്യാംബ് ഫയറില്‍ തീ അണയാതെ ചൂട് കൂട്ടിയും കുറച്ചും , അരികു പറ്റി അവന്‍ നില്‍ക്കും .
എല്ലാവരും പിരിയും ,ക്രച്ചസ്സില്‍  കൈതാങ്ങി അഫ്സല്‍ റൂമി ലേക്കും.

കല്‍ ബെഞ്ചിന്‍റെ ഓരത്ത് ഞാന്‍ മാത്രം ബാക്കിയാവും തണുപ്പ കൂടും മൂടി പുതച്ചു ഇരുട്ടിലേക്ക് നോക്കി ഏറെ നേരം അങ്ങനെ ഇരിക്കും രാവ് പിന്നെയും നീളും . ഒഴിഞ്ഞ മദ്യകുപ്പികള്‍ എടുത്തുമാറ്റി , വൃത്തിയാക്കി എനിക്ക് തുണയായി അവന്‍  തീ കായാനിരിക്കും 
  
പുതിയ അഭിപ്രായങ്ങളുമായാണ്  പിറ്റേന്ന് രാവിലെ പുതിയ രണ്ട് ഇടനിലക്കാര്‍ കയറി വന്നത് . കുറഞ്ഞ സ്ഥലത്ത് യൂക്കാലി തോട്ടങ്ങള്‍ ഉള്ള  ചില ആദിവാസി ഗ്രാമങ്ങള്‍ ഉണ്ട് .അത്തരത്തിലുള്ള ആദിവാസി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാല്‍ വളരെ കുറഞ്ഞ വിലയില്‍ പല സ്ഥലങ്ങളില്‍ നിന്നായി നമുക്ക് കൂടുതല്‍ യൂക്കാലി മരങ്ങള്‍ മുറിച്ചെടുക്കാനാവും.ചുരുക്കത്തില്‍ പറഞ്ഞാല്‍ വളരെ എളുപ്പത്തില്‍ ആദിവാസികളെ പറ്റിക്കാനാവും എന്നവര്‍ ഉറപ്പ് കൊടുത്തു ആ അഭിപ്രായം ഞങ്ങള്‍ക്കും സ്വീകാര്യമായി തോന്നി 

താമസിച്ചില്ല എല്ലാവരും എളുപ്പം റെഡിയായി രണ്ടു ജീപ്പുകളിലായി പുറപ്പെട്ടു . വളരെ അപകടം നിറഞ്ഞ  നിരത്തിലൂടെ ചുരമിറങ്ങിയും കയറിയും പല ഊരുകളിലുമിറങ്ങി ഇടനിലക്കാര്‍ ആദിവാസി മൂപ്പന്മാരുമായി സംസാരിച്ചു ,പിന്നെ ഞങ്ങള്‍ക്ക് വിവര്‍ത്തനം ചെയ്തു .വൈകുന്നേരത്തോടെ തിരിച്ചെത്തുമ്പോള്‍ ദാഹിച്ചും വിശന്നും എല്ലാവരും ക്ഷീണിതരായിരുന്നു. 

അന്ന് രാത്രി പുല്‍ തകിടിയിലെ ഡിന്നറിന് പ്രത്യേകിച്ച് ആരും ഉണ്ടായിരുന്നില്ല .എല്ലാവരും പെട്ടെന്ന് തന്നെ ഉറങ്ങാനുള്ള തയ്യാറെടുപ്പില്‍ മുറിയിലേക്ക് മടങ്ങി 
ഞാന്‍ മാത്രം ഒന്നും കഴിച്ചില്ല 
പരിസരം വൃത്തിയാക്കുന്നതിനിടയില്‍ അവന്‍ ചോദിച്ചു 

സര്‍ ഫയര്‍ ഇടണോ 
വേണം എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി 

ഒഴിഞ്ഞ ചാരുബെഞ്ചിന് സമീപത്ത് അവന്‍ ക്യാംബ് ഫയര്‍ കെട്ടി 
ചെറുനാരങ്ങ നീരില്‍ മുക്കിയെടുത്ത ഉടുപ്പിടാത്ത കോഴിയെ കെട്ടിത്തൂക്കി 

ജിന്നും ,ഉടുപ്പിടാത്ത കോഴിയും കുരീപ്പുഴയുടെ ജെസ്സിയും , ചൂടുള്ള നിലാവും ,തണുത്ത രാത്രിയും 

കാറ്റിന്‍റെ കാണാപ്പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടിന്നു തോറ്റുപോയ്‌ പാട്ടുകള്‍
‍സായന്തനത്തിന്‍ പ്രസന്നതക്കിപ്പുറം
വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്‍
‍പൊന്‍ചേരയെപ്പോല്‍ നിറംചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞുകേറുന്നു തീരങ്ങളില്‍
‍മൂളാത്തതെന്തു നീ ജെസ്സി, മനസ്സിന്‍റെ കോണില്‍
കിളിച്ചാര്‍ത്തുറക്കം തുടങ്ങിയോ ?
വാക്കുകള്‍ മൗനക്കുടുക്കയില്‍ പൂട്ടിവച്ചോര്‍ത്തിരിക്കാന്‍,
മുള്‍ക്കിരീടം ധരിക്കുവാന്‍,
നീന്‍വിരല്‍ത്താളം മറക്കുവാന്‍,
ചുണ്ടത്തു മൂകാക്ഷരങ്ങള്‍ മുറുക്കെക്കൊരുക്കുവാന്‍,
ജെസ്സീ നിനക്കെന്തു തോന്നി?

തണുപ്പിനെ കവിത ചൊല്ലി തോല്‍പ്പിക്കുവാന്‍ ഞാന്‍ ശ്രമിച്ചു 

അവനപ്പോള്‍ തീ മുനകള്‍ക്ക് മൂര്‍ച്ച കൂര്‍പ്പിക്കുവാന്‍ മര കമ്പുകള്‍ പരസ്പരം മാറ്റി വെക്കുവാന്‍ തുടങ്ങി 

എന്താ നിന്‍റെ പേര് 

തമിഴ് കലര്‍ന്ന മലയാളത്തില്‍ അവന്‍ പറഞ്ഞു 
ശെന്തില്‍ 

വീട്ടില്‍ ആരൊക്കെയുണ്ട് 
അമ്മ ,അക്ക ,അനിയന്‍ 

ഏതുവരെ പഠിച്ചു 
പത്തില്‍ തോറ്റു പിന്നെ തോട്ടത്തില്‍ പോയി 

ഇവിടെ അടുത്താണോ നിന്‍റെ വീട് 
ഇത്തിരി ദൂരമുണ്ട് തോട്ടം കടന്ന് പള്ളിക്കൂടത്തിനപ്പുറം പോണം 

നമുക്ക് നിന്റ വീട് വരെ പോയാലോ 

ഈ രാത്രിയോ അവന്‍ ചിരിച്ചു ഞാനും 

നാളെ നമുക്ക് നിന്‍റെ വീടുവരെ നടക്കാം എനിക്കപ്പോ കുറെ സ്ഥലങ്ങളും കാണാല്ലോ 

എന്തോ അവന്‍ പെട്ടെന്ന് സമ്മതിച്ചു 

നാളെ ഉച്ചക്ക് ശേഷം എനിക്ക് ഡ്യൂട്ടിയില്ല അവന്‍ പറഞ്ഞു 

എങ്കില്‍ നാളെ നമുക്ക് കുറച്ച് നടക്കാം 

ശരിസാര്‍ 

പിറ്റേന്ന് ഉച്ചവരെ ഞാന്‍  ഉറങ്ങി
ഊണ് കഴിഞ്ഞ്  ശെന്തിലിനെ തിരക്കി അല്‍പ്പം കഴിഞ്ഞ് അവന്‍ മുറിയില്‍ വന്ന് മുട്ടി വിളിച്ചു 

ഞങ്ങള്‍ ഒരുമിച്ച് തേയിലക്കാട് കടന്ന് 
കാട്ടുവഴികള്‍ ഇറങ്ങി 

ഒഴുക്കില്‍ ക്യാരറ്റ് കഴുകിയിരുന്ന സ്ത്രീകളില്‍ നിന്ന് ഒരു ചെറിയ കെട്ടു ക്യാരറ്റ് എടുത്ത് അവന്‍  എനിക്ക് നീട്ടി 
കടിച്ചു കടിച്ച് ഞങ്ങള്‍ പിന്നെയും നടന്നു 

ഷീറ്റ് മേഞ്ഞ നീളന്‍ കെട്ടിടത്തിലെ ഒരു ചെറിയ കുടുസ്സ് മുറിയായിരുന്നു അവന്റെ വീട് ,നീളന്‍ വരാന്തയില്‍ മൂടി പുതച്ച് കിടപ്പുണ്ട് അവന്റെ അമ്മ 
അക്ക തോട്ടത്തില്‍ പണിക്ക് പോയി 
അനിയന്‍ പള്ളിക്കൂടത്തിലും 

അവന്‍ എനിക്ക് കരിമ്പിന്‍ നീരും ചോളവും  തന്നു 

കുന്നിറങ്ങി വന്ന  തേയില നാമ്പിന്റെ സുഗന്ധമുള്ള കാറ്റ് ഞങ്ങളെ കടന്നുപോയി ,ഞാനെന്‍റെ സ്വറ്റര്‍ ഒന്നുകൂടി ചേര്‍ത്തു പിടിച്ചു 

CSI ചര്‍ച്ചും ,ശ്മശാനവും ഇവിടെ അടുത്താണോ 
തിരികെ മടങ്ങുമ്പോള്‍ ഞാന്‍ ചോദിച്ചു 
 അയ്യോ അത് ഒരുപാട് ദൂരം പോകണം അവന്‍ പറഞ്ഞു 

(അതി പുരാതനമായ ചര്‍ച്ചും ശ്മശാനവുമാണത് മൂന്നാറി ന്‍റെ പ്രകൃതി ഭംഗിയെക്കാള്‍ എന്നെ പ്രലോഭിപ്പിച്ചിട്ടുള്ളത് അതാണ്‌ അതു പോലെ മറ്റൊന്നാണ് പോത്തുണ്ടി ഡാമിന് മുകളിലൂടെ കുറെ ദൂരം നടന്നുപോയാല്‍ കാണുന്ന ഒറ്റപെട്ട ഒരു കല്‍ മണ്ഡപം )

ജോലി കഴിഞ്ഞു കൂട്ടത്തോടെ മടങ്ങുന്ന സ്ത്രീകള്‍ അവനെ നോക്കി ചിരിച്ചു 

കാട്ടുമയലുകളെ കണ്ട് ,വരയനാടുകളെ തൊട്ട് ,മുളങ്കാടും കടന്ന്  കുന്ന്കയറി ഞങ്ങള്‍  പിന്നെയും നടന്ന്‍ മേഘകെട്ടുകള്‍ക്ക് മുകളില്ലെന്ന പോലെ  ചെങ്കുത്തായ ഒരു  പോയന്റ് വ്യൂവില്‍ ഒരു പാറമേല്‍ അവനിരുന്നു . തൊട്ടപ്പുറത്തെ മരത്തിന്‍റെ വലിയ വേരിലിരുന്ന് ഞാന്‍ സിഗരറ്റിന് തീ കൊളുത്തി
  
പെട്ടെന്ന്  ആഴങ്ങളിലേക്ക് നോക്കിയിരുന്ന  അവന്‍ 

ചെമ്പരത്തീ ....
അവന്‍ ഉറക്കെ നീട്ടി വിളിച്ചു 
വീണ്ടും വീണ്ടും വിളിച്ചു 
ആഴങ്ങള്‍ ആ ശബ്ദം അവനിലേക്ക്‌ തന്നെ തിരിച്ചെറിഞ്ഞു കൊടുത്തു

കുറച്ചു നേരം നിശബ്ദനായി നിന്ന് അവന്‍ തിരിഞ്ഞു നടന്നു 
എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല 

കുറേനേരം അവന്‍ മുന്നിലും ഞാന്‍ പിന്നിലുമായി നടന്നു 
ഒപ്പമെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു 

ആരാ ചെമ്പരത്തീ ..

എനിക്ക് താഴെ ജനിച്ചതാണ്
അവന്‍ ശബ്ദം താഴ്ത്തി പറഞ്ഞു 
ഈ കയത്തിലാണ് അവള്‍ ചാടി മരിച്ചത് 

ഞാന്‍ അവിടെ അങ്ങനെ തന്നെ നിന്നു

ഞാന്‍ ഈ കുറിപ്പെഴുതുന്ന ഈ രാത്രിയും അവന്‍ ആ കുന്നിന്‍ മുകളില്‍ നിന്ന് ചെമ്പരത്തീ എന്ന് ഉറക്കെ വിളിക്കുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട് 

മരണമര തണലില്‍ ചുവട്ടില്‍ കിടന്ന്  "ഏട്ടാ എനിക്ക് പേടിയാകുന്നു " എന്ന് അവള്‍ വെപ്രാളപ്പെടുന്നതും 

No comments: