നുസൈബ (കുറിപ്പുകളിൽ നിന്ന് )
"ഇസ്ലാം കാര്യം അഞ്ചാണ്
അവകള് അറിയല് ഫര്ളാണ്
ഈമാന് ഇസ്ലാം അറിഞ്ഞില്ലെങ്കിൽ
നരകം അവരുടെ വീടാണ് "
ഓടി കിതച്ച് മദ്റസയുടെ ഗേറ്റ് എത്തുമ്പോഴേക്കും ക്ലാസ് മുറിയിൽനിന്ന് കുട്ടികള് ഉച്ചത്തില് ചൊല്ലുന്നത് കേള്ക്കാം ,ഞാന് വാതില്ക്കല് നിന്ന്മുരടനക്കും ,ഉസ്താദ് പുസ്തകത്തില് നിന്ന് കണ്ണെടുത്ത് എന്നെ ഒന്ന്പാളി നോക്കും ,കണ്ണുകള് വീണ്ടും പുസ്തകത്തിലേക്ക് മടങ്ങും കുറച്ചു നേരം എന്നെ അങ്ങനെ തന്നെ നിര്ത്തും പിന്നെ കൈ കൊണ്ട് അകത്തേക്ക് വിളിക്കും
ഉസ്താദിന്റെ അടുത്ത് ചെന്ന് ഞാന് കൈ നീട്ടും,
ആകാവുന്ന അത്രയും വേഗത്തില് ചൂരല് വടി കൈവെള്ളയില് പതിക്കും,
അടക്കി പിടിച്ച തേങ്ങലുമായി പിന് ബെഞ്ചില് കയറി നില്ക്കും , കുട്ടികള് ഇടയ്ക്കിടെ പിന്നിലേക്ക് തിരിഞ്ഞുനോക്കി അടക്കിച്ചിരിക്കും ,
നിനക്ക് അങ്ങനെത്തന്നെ വേണം എന്നര്ത്ഥത്തില് തട്ടത്തിന്റെ മറനീക്കി നുസൈബ ഗോഷ്ടി കാണിക്കും
അടുത്ത പിരിയഡ് ഖുര്ആന് ക്ലാസാണ്
,എനിക്കാണെങ്കിൽ ആ ഉസ്താദിനെ കാണുന്നത് തന്നെ പേടിയാണ് , ഓരോ ജൂസ് ഓരോരുത്തരായി ഓതി കൊടുക്കണം ,വെറുതെ അങ്ങ് ഓതിയാൽ പോര ഓരോ വാക്യവും മണിച്ച് ,മറിച്ച് ഈണത്തില് ഓതണം,
ഉസ്താദ് ഓതി തരുന്ന രീതിയില് തന്നെ എത്ര ഓതി കൊടുത്താലും അങ്ങോര്ക്ക് തൃപ്തി വരില്ല ,ഓരോ തവണയും മണിച്ചില്ല മറിച്ചില്ല ,നാക്ക് കൊണ്ട് അണ്ണാക്കില് ഇങ്ങനെമുട്ടിക്കണം ,അങ്ങനെ മുട്ടിക്കണം എന്ന് പറഞ്ഞ് ചന്തിയില് അടിയോടടി തന്നെ
ആ പിരിയഡ് കഴിയും വരെ ,പെണ്കുട്ടികള്ക്ക് അടിയില്ല പകരം കക്ഷത്തിലാണ് പിച്ച് ,
യാസീന് എടുത്തു തുടങ്ങുന്ന അന്ന് എല്ലാവരും ചീരണി കൊണ്ടുവരണം പലരും ചെറുപഴവും ,ബിസ്ക്കറ്റും ഒക്കെ കൊണ്ടുവരും ,ഞാന് ബ്രിട്ടാണിയയുടെ ഒരു രൂപ വലിപ്പത്തിലുള്ള ബിസ്കറ്റ് ഒരു ടിന് നിറയെ കൊണ്ടു വരും
അന്നത്തെ ദിവസം അടിയൊന്നുമുണ്ടാവില്ല എല്ലാവരും സന്തോഷത്തിലായിരിക്കും
രാവിലെ മാത്രമല്ല മദ്രസ്സയുള്ളത്
രാത്രി മഗരിബ് ന് ശേഷവും ക്ലാസ് ഉണ്ടാകും
രാത്രി ക്ലാസ്സില് നിര്ബന്ധമായും എത്തണം ,എനിക്കാണങ്കില് രാവിലത്തെ ക്ലാസിനേക്കാള് മടിയാണ് രാത്രി പോകുന്നത് രാത്രി 8.30 വരെ യാണ് ക്ലാസ് ഉണ്ടാവുക അതിനിടയില് എപ്പോഴെങ്കിലും പവര്കട്ട് ഉണ്ടായാല് ക്ലാസ് അവസാനിക്കും
അങ്ങനെയുള്ള ഒരു രാത്രിയാണ് നരകത്തെയും സ്വര്ഗത്തെയും കുറിച്ചു പഠിപ്പിച്ചത് നരകത്തിലെ ആളികത്തുന്ന തീ യെ കുറിച്ചും ,ഖബറില് വെച്ച് മലക്കുകള് നടത്തുന്ന വിചാരണയെ കുറിച്ചും
.
നിസ്കരിക്കാത്തവന്റെയും നോമ്പ് എടുക്കാത്തവന്റെയും ഖബറുകള് പാമ്പിനെ കൊണ്ടും ,തേളിനെ കൊണ്ടും നിറയും
നിസ്ക്കരിക്കാത്തവനും നോമ്പ് എടുക്കാത്തവനും ഒരിക്കലും സ്വര്ഗത്തില് പ്രവേശിക്കില്ല എന്ന് കൂടി ഉസ്താദ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു
അന്ന് രാത്രി മുഴുവന് എന്റെ പേടിയും വിറയലും മാറിയതേയില്ല ഞാന് പാമ്പുകളെയും തെളിനെയും സ്വപ്നം കണ്ടു .
സ്വര്ഗത്തേക്കാള് നരകം എങ്ങനെയായിരിക്കു മെന്നായിരുന്നു തുടര്ന്നുള്ള ദിവസങ്ങളില് എന്റെ ആലോചന മുഴുവന്
ഞാന് അന്ന് വരെ നോമ്പ് എടുത്തിട്ടേയില്ല പലപ്പോഴും ശ്രമിച്ചെങ്കിലും ആ സാഹസത്തില് എന്നും ഞാന് മൂക്കും കുത്തി താഴെ വീണിട്ടേയുള്ളൂ
പിറ്റേ ദിവസം മദ്രസ്സ വിട്ട് മടങ്ങും വഴി കൂട്ടുകാരെല്ലാം പോയി കഴിഞ്ഞ് നുസൈബയും ഞാനും മാത്രമായപ്പോള് മടിച്ച് മടിച്ച് ഞാന് അവളോട് ചോദിച്ചു
എടി നീ നോമ്പ് എടുത്തിട്ടുണ്ടോ ..?
പിന്നെ ഇല്ലാണ്ട് ഞാന് ഒക്കെ കൊറേ നോമ്പ് എടുത്തിട്ടുണ്ട്
നീ അഞ്ച് വക്തും നിസ്കരിക്കാറുണ്ടോ ..?
പിന്നെ എനിക്ക് നിസ്ക്കാര കുപ്പായം ഉണ്ടല്ലോ
നീ നിസ്ക്കാരിക്കാറില്ലേ അവള് മറുചോദ്യം ചോദിച്ചു
ഉണ്ട് ഉണ്ട് ഞാന് പെട്ടെന്ന് മറുപടി പറഞ്ഞു
പക്ഷേ നോമ്പ് എടുത്തിട്ടില്ല
അവള്ക്ക് എന്തോ ആയുധം കിട്ടിയപോലെ ഉഷാറായി
ഞാന് ഉസ്താദിനോട് പറഞ്ഞു കൊടുക്കും
നോക്കിക്കോ
അതും പറഞ്ഞ് അവള് വേഗത്തില് നടക്കാന് തുടങ്ങി
ഞാന് അവള്ക്കൊപ്പം വെച്ച് പിടിച്ചു
ഇല്ലില്ല ഞാന് വെറുതെ പറഞ്ഞതാണ് ഞാനും കൊറേ നോമ്പോക്കെ പിടിച്ചിട്ടുണ്ട് .
അവള് ക്ലാസിലെ പഠിപ്പിസ്റ്റാണ് മാത്രമല്ല ക്ലാസിലെ സുന്ദരിയും
അവള് പ റഞ്ഞാല് പിന്നെ ഉസ്താദിന് അപ്പീലില്ല ,
അവള് അവളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു ഞാന് അവിടെ തന്നെ നിന്നു മനസ്സില് ഇനിയും സംശയങ്ങള് ബാക്കിയുണ്ട് , മറ്റാരോടും ധൈര്യമായി ചോദിക്കാനും പറ്റില്ല എന്നാലും ഞാനവളെ വിളിച്ചു
നുസൈബു ...നുസൈബു ...ഒന്ന് നിന്നേ
അവള് സഡന് ബ്രേക്കിട്ടതുപോലെ നിന്നു .എന്തെടാ ചെക്കാ എന്ന അർത്ഥത്തിൽ പുരികം വളച്ചു
ഞാന് ഓടി അടുത്തെത്തി
ഞാന് ഒരു കാര്യം ചോദിച്ചാല് നീ ആരോടും പറയരുത്
എടാ ചെക്കാ ചായ കുടിച്ചിട്ട് സ്കൂളില് പോണം വേഗം പറ
ഞാന് എല്ലാ ദൈര്യവും സംഭരിച്ച് അവളോട് ചോദിച്ചു
മഹാത്മാഗാന്ധി നിസ്ക്കരിക്കോ ..?
അവള് എന്നെ തറപ്പിച്ചു നോക്കി അവള് എന്റെ സംശത്തിന്റെ മുനയില് കുരുങ്ങി നിന്നു.
ഇയ്ക്ക്ച്ച്ല്ല ..അവള് സംശയം ബാക്കി നിര്ത്തി പറഞ്ഞു
അപ്പൊ മഹാത്മാഗാന്ധി നരകത്തില് പോവുലേ ...?
ആ ചോദ്യത്തിന് അവൾക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു
പോകും ഉസ്താദ് പറഞ്ഞിട്ടുണ്ടല്ലോ ഇന്ദുക്കൾ എന്തായാലും നരകത്തിൽ പോവൂന്ന്
അതും പറഞ്ഞു അവൾ വേഗത്തിൽ നടന്നുപോയി
എനിക്ക് പാവം തോന്നി
എനിക്ക് സങ്കടം വന്നു
അപ്പൊ ഒറപ്പായും മഹാത്മാഗാന്ധി നരകത്തില് പോകും ,
അതിനേക്കാള് എനിക്ക് സങ്കടം വന്നത്
ഉസ്ക്കൂളില് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന് അടിമുട്ടിയുടെ രാജേഷ് നരകത്തില് പോകും എന്നോര്ത്തായിരുന്നു .
ഉസ്ക്കൂളില് വെച്ച് പലതവണ അവനോട് ഈ വിവരം പറയാന് എനിക്ക് മുട്ടിയതാണ്( കൊല്ലം 30 കഴിഞ്ഞിട്ടും ഇതേവരെ ഞാന് അവനോട് ഈ വിവരം പറഞ്ഞിട്ടേയില്ല )
റബിഉല് അവ്വല് ആകാറായി
നബിദിനം വരുന്നു
എല്ലാവരും റസൂലിനെ കുറിച്ചുള്ള മദ് ഹ് ഗാനങ്ങളും പ്രസംഗങ്ങ ളും , ഒപ്പനയും ഒക്കെ പഠിക്കുന്ന തിരക്കിലാണ്
ഉസ്താദ് മാര് മിക്ക ദിവസങ്ങിലും റിഹേഴ്സലാണ് ,എനിക്ക് പ്രസംഗമാണ്
പെണ്കുട്ടികള് പരിപാടികളില് ഒന്നിലുംപങ്കെടുക്കാന് പാടില്ല .
നബിദിനത്തിന് രാവിലെ ഏഴു മണിക്ക് റാലി തുടങ്ങും പുതിയ ഉടുപ്പിട്ട് വെള്ള തൊപ്പി വെച്ചു ഞങ്ങളെല്ലാം റാലിയില് പങ്കെടുക്കും പലനിറത്തിലുള്ള കടലാസ് കൊടി പൊക്കി പിടിച്ച് വരിവരിയായി നടക്കും
വഴിനീളെ പഴങ്ങളും ,പാനീയങ്ങളും ബിസ്കറ്റും കിട്ടും
പെണ്കുട്ടികള് മാത്രം റാലിയില് പങ്കെടുക്കാന് പാടില്ല
കൂടെ പഠിക്കുന്ന റംല ത്തും ,സെക്കീനയും അവരുടെ ഉമ്മമാരോടൊപ്പം റാലി പോകുന്നത് കാണാന് വഴിയോരത്ത് കാത്തു നില്ക്കും
പരീക്ഷ കഴിഞ്ഞു മാസങ്ങൾ കൊഴിഞ്ഞു
ദുല് ഹജ്ജ് വന്നു
ഒരു ദിവസം ഉസ്താദ് പറഞ്ഞു
നാളെയാണ് കയ്യെഴുത്ത് എല്ലാവരും കൈകള് വൃത്തിയായി കഴുകി വരണം
കയ്യെഴുത്തുള്ള ദിവസം പഠിപ്പ് ഉണ്ടാവില്ല
(ജീരകം കരിയിച്ച് വറുത്തെടുത്ത് തേനില് ചാലിച്ച് മഷിയില് കലര്ത്തി മുന കൂര്ത്ത തൂലിക തുമ്പ് കൊണ്ട് ഓരോരുത്തരുടെയും വലത് കയ്യില് ഖുര് ആന് സൂക്തങ്ങള് എഴുതും )
എല്ലാവരും വൈകുന്നേരം തൊട്ടേ കയ്യെഴുത്തിനുള്ള ഒരുക്കങ്ങള് തുടങ്ങും കൈകള് കല്ലിലുരച്ച് സോപ്പ് കൊണ്ടു വീണ്ടും വീണ്ടും കഴുകി കൈവെള്ള വെളുപ്പിക്കും
ക്ലാസില് നിന്ന് വരിയായി സദര് ഉസ്താദിന്റെ അടുക്കലേക്ക് കൊണ്ടുപോകും സദര് ഓരോരുത്തരെടെയും കൈവെള്ളയില് എഴുതി തുടങ്ങും വീട്ടില് കൊണ്ടു പോയി ഉപ്പയെയും ഉമ്മയേയും കാണിക്കണം
പിന്നെ കൈ വെള്ളയിലെ മഷി നക്കി കുടിക്കും
ആ മഷിക്ക് നല്ല മധുരമാണ്
കയ്യെഴുത്തു മായി എല്ലാവരും വീട്ടിലേക്ക് ഓടും
മദ്രസ്സയില് നിന്നിറങ്ങി തോട് കടന്നപ്പോഴേ കൈവെള്ളയില് ഞാന് നാവുകൊണ്ട് തൊട്ടു നോക്കി
ആദ്യത്തെ ഇടവഴിയുടെ പകുതി പിന്നിട്ടു .
മഷിയുടെ മധുരം എന്നെ പ്രലോഭിപ്പിക്കാന് തുടങ്ങി എന്റെ ഓട്ടത്തിന് വേഗം കൂടി വളവ് തിരിഞ്ഞതും മതിലിന്റെ മൂലയില് കാല് കൊളുത്തി ഞാന് കമിഴ്ന്നടിച്ചു വീണു .
കൈ വെള്ളയില് നിറയെ മണ് തരികള് ഒട്ടിപ്പിടിച്ചു.
പെട്ടെന്ന്പി ന്നില് നിന്നും ഒരു വിളികേട്ടു
എടാ ചെക്കാ ...
ഞാന് തിരിഞ്ഞു നോക്കി
അവള് തന്നെ
നിന്റെ കയ്യെഴുത്ത് നോക്കട്ടെ
ഞാന് കൈകള് പിറകിലേക്ക് മറച്ചു പിടിച്ചു
നീ വീട്ടില് കാണിക്കാതെ കുടിച്ചല്ലേ ,
ഞാന് ഉസ്താദിനോട് പറഞ്ഞു കൊടുക്കും ,എന്തായാലും പറഞ്ഞു കൊടുക്കും
ഉള്ളിലെ സങ്കട മല മുഴുവന് ഉഷ്ണ കാറ്റില് ഉരുകാന് തുടങ്ങി ഞാന് കരഞ്ഞു
ഇയ്യ് പേടിക്കണ്ട ട്ടാ ഞാന് പറഞ്ഞൊന്നും കൊടുക്കില്ല ഞാന് വെറുതെ പറഞ്ഞതാ
അവള് വാക്കുകളുടെ തണുത്ത കാറ്റ് കൊണ്ട് എന്നെ ആശ്വസിപ്പിക്കാന് തുടങ്ങി
കണ്ണ് തുടച്ച് ഞാന് നടന്നു
ഇയ്യ് ഒന്ന് നിന്നേ ..അവള് പിന്നെയും വിളിച്ചു
പിന്നെ ആ അതീവ രഹസ്യം സ്വകാര്യമായി കാതില് പറഞ്ഞു.
അനക്കറിയോ
കയ്യെഴുത്ത് കുടിച്ചാല് സ്വര്ഗ്ഗത്തില് പോകും ന്നോട് ഉസ്താദ് പറഞ്ഞതാ ...
അത് അന്നോട്പറയാനാ ഞാന് ഓടി വന്നത്
ഞാന് സ്തബ്ധനായി
സ്വര്ഗ്ഗത്തിലേക്കുള്ള എന്റെ ഏണിപടികളാണ് ഈ മതിലില് തട്ടി തകര്ന്നു പോയത്
ഞാന് ദയനീയമായി അവളെ നോക്കി
അവളുടെ വലത് കൈ എനിക്ക് നേരെ നീട്ടി
ന്നാ ന്റെ കയ്യെഴുത്ത് ഇയ്യ് കുടിച്ചോ
ഒരു നിമിഷം ഞാന് നാവ് നീട്ടി നക്കി കുടിച്ചു
അപ്പൊ അനക്ക് സ്വര്ഗ്ഗത്തില് പോണ്ടേ ..?
ഞാന് ചോദിച്ചു
അവള് കണ്ണ് കൊണ്ട് ചിരിച്ചു
.(വര്ഷങ്ങള്ക്ക് ശേഷം ഈ അടുത്ത കാലത്ത് ഞാന് അവളെ കണ്ടു, അവള്ക്കിപ്പോള് സ്വന്തമായി ഒരു നരകമുണ്ട് ഭൂമിയില് ).
No comments:
Post a Comment