Saturday 30 August 2014

ഹൈഫയിൽ നിന്ന് ഗാസയിലേക്കുള്ള ദൂരം

വലിയ ലോകത്തിന്റെ
ചെറിയ ഭൂപടം
ഞാനെന്റെ മേശമേല്‍
നിവര്‍ത്തി വെച്ചു

ഇളക്കിയെടുത്തും
ഇണക്കിയെടുത്തും
ഹൈഫയില്‍ നിന്ന്
ഗാസ മുനമ്പിലേക്ക്‌
ഒറ്റ രാതി കൊണ്ടൊരു
പാലം പണിതു.

U ട്ടേണുകള്‍
C ട്ടേണുകളാക്കി

ചിലയിടങ്ങളില്‍
കത്തിതീരാത്ത
ചുവന്ന വെളിച്ചങ്ങള്‍ക്ക്
തിരികൊളുത്തി

(ഇനി ഗാലറിയിയിലിരുന്ന്
കളികാണണം )

ഗതാഗത പരിഷ്ക്കാരമെന്നോര്‍ത്ത്
തെല്ലൊന്ന് പകച്ചെങ്കിലും
ഇസ്രായേലികള്‍
പാലം കയറിയിറങ്ങും

ചുരമിറങ്ങിയ
ഗന്ധക പെരുമഴയില്‍
ചിലര്‍ ചിതറി തെറിക്കും

Allon High School Bus
മുട്ടു കുത്തി നില്‍ക്കും

കത്തുന്ന കുഞ്ഞു കാറ്റ്
“ബാബാ..”
എന്ന് കരയും

മറഞ്ഞുനിന്ന
ഇസ്രായേലി ബാരക്കില്‍
“എന്‍റെ മോളെ”
എന്നര്‍ത്ഥം വരുന്ന എന്തോ ഒന്ന് പഴുക്കും.

(എനിക്ക് ഇത്രയൊക്കെയേ പറ്റു
ഇത്രയെങ്കിലും ചെയ്തേ പറ്റു)

*ഹൈഫ : ഇസ്രായേലിലെ ജനതിരക്കുള്ള നഗരം

2 comments:

ajith said...

നമ്മെക്കൊണ്ടാവുന്നത്!

Unknown said...

marvellous.....my intentions with u