Sunday, 3 February 2013

ബുധനാഴ്ച്ചയോ,ശനിയാഴ്ച്ചയോ അല്ല ഞായറാഴ്ച്ച

ഇന്ന്
അഥവാ ബുധനാഴ്ച

18:40 മണിയ്ക്ക്
നാലാമത്തെ പ്ലാറ്റ്ഫോമില്‍
ഒരു ഗുഡ്സ് വാഗണ്‍ വന്നു നില്‍ക്കും

ഓരോ കമ്പാര്‍ട്ട്മെന്റിലും
അടക്കി അടക്കി വെച്ചിട്ടുണ്ടാവും
വെള്ളിയാഴ്ച്ചകള്‍,
ചൊവ്വാഴ്ചകള്‍,
ശനിയാഴ്ചകള്‍ ,
ഞായറാഴ്ച്ചകള്‍,
ബുധനാഴ്ച്ചകള്‍,
തിങ്കളാഴ്ചകള്‍ ,

ഞാന്‍
ശനിയാഴ്ച്ചയെടുക്കും
നീ
തിങ്കളാഴ്ച്ചയെടുക്കും
(ഓരോരുത്തനും നാളെ
ഏത് ദിവസമാവണമെന്ന് സ്വയം തീരുമാനിക്കാം)

എങ്കില്‍
എനിക്ക് നാളെ ശനിയാഴ്ച്ചയാണ്
നിനക്ക് നാളെ തിങ്കളാഴ്ച്ചയാവും

ഞായറാഴ്ച്ച തിരഞ്ഞെടുത്തവര്‍
പത്തരയ്ക്കുള്ള കുര്‍ബാനയ്ക്ക്
പള്ളിയിലെക്കോടും
അച്ഛന്‍ പള്ളി നട പൂട്ടി
ചൊവ്വാഴ്ച്ചയില്‍ കിടന്നുറങ്ങുകയാവും

അപ്പന്‍
ചന്തയ്ക്കു പോകുന്ന ചൊവ്വാഴ്ച്ച
വീട്ടിലേക്ക് വരണമെന്ന് അവള്‍

ഈയിടെയായി
ചൊവ്വാഴ്ച്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളും
തിരഞ്ഞെടുക്കും അവളുടെ അപ്പന്‍

എന്‍റെ തിങ്കളാഴ്ച്ചയില്‍ നിന്ന്
അവളുടെ ശനിയാഴ്ച്ചയില്‍ കയറി
ഞാനവളെ ഉമ്മ വെക്കും

ഉമ്മകളുടെ കെട്ടുവള്ളം
ഉലയാന്‍തുടങ്ങിമ്പോള്‍
ക്രയോണ്‍ പെന്‍സിലുകൊണ്ട് കറുപ്പുടുപ്പിച്ച്
പെട്ടെന്ന് രാത്രിയാക്കും
എന്‍റെ തിങ്കളാഴ്ച്ചയും
അവളുടെ ശനിയാഴ്ച്ചയും

ബുധനാഴ്ച്ചയുടെ
ചാരുകസേരയില്‍ കിടന്ന്
അവളുടെ ശനിയാഴ്ച്ചയില്‍ നിന്ന്
ഒരു ജാരനിറങ്ങി പോകുന്നത് കാണും
അവളുടെ അപ്പന്‍ .

No comments: