Sunday 3 February 2013

ശരീരം ഊരിയെറിഞ്ഞവരുടെ ജീവിതത്തില്‍ നിന്ന്

ഉറക്കത്തില്‍
അറിയാതെ നടന്നു പോയതാണ്

വഴിവിളക്കുകളുടെ
നിഴല്‍ വെളിച്ചത്തില്‍
നടന്ന് നഗരത്തിലെത്തുന്നു .

ദാസേട്ടന്റെ
ചായക്കടയുടെ നിഴലില്‍ നിന്ന്
ബംഗാളികളുടെ നിഴലുകള്‍
ചിറി തുടച്ചിറങ്ങുന്നു.

തുന്നക്കടയില്‍
ഒരുവളുടെ നിഴല്‍
പിഞ്ഞിപ്പോയ
ഷിമ്മീസിനെ കുറിച്ച് തര്‍ക്കിക്കുന്നു.

കെ.എസ്.ടെക്സ്റ്റ്‌യില്‍സിന്റെ
നിഴല്‍
എന്നത്തേയും പോലെ അടഞ്ഞു കിടക്കുന്നു.

വില്ലേജാപ്പീസിലേക്കോടുന്ന
സഖാവ് ബീരുവിന്റെ നിഴലിനോട്
മറ്റൊരാളുടെ നിഴല്‍
ലാല്‍സലാം പറയുന്നു .

ശരീരം ഊരിയെറിഞ്ഞിറങ്ങിയ
നിഴലുകളുടെ രാത്രി നഗരം
എന്നെ അത്ഭുതപ്പെടുത്തുന്നില്ല

പക്ഷെ
ഒരു നിഴല്‍
മറ്റൊരു നിഴലിനോട്
എന്‍റെ
വീട്ടിലേക്കുള്ള
വഴി പറയുന്നു

മറ്റൊരു വീട്ടിലേക്കുള്ള വഴി
മറ്റൊരു നിഴലിനോട്.

നാളെ നടക്കാനിറങ്ങുമ്പോള്‍
കൂടെയുള്ള നിഴലിനെ
സൂക്ഷിച്ചു നോക്കണം
സത്യമായും
നമുക്കിടയില്‍
എന്തൊക്കെയോ സംഭവിക്കുന്നുണ്ട്

No comments: