Saturday 1 September 2012

കവിതയ്ക്ക് പഠിക്കുമ്പോള്‍

















ഞാനിപ്പോള്‍ 
കവിതയ്ക്ക് പഠിക്കുന്നത് 

ഗദ്യത്തെ പദ്യത്തില്‍ നിന്ന് 
വേര്‍തിരിച്ചെടുക്കാനൊന്നുമല്ല
ഒരു നിരൂപണത്തിന്റെ 
സാധ്യത ആരാഞ്ഞുമല്ല 

കവിതയില്‍ നിന്ന് മാത്രം 
കണ്ടെടുക്കാവുന്ന 
ചില ചരിത്ര തുണ്ടുകളുണ്ട്

മാവിനും 
പ്ളാവിനും,പേരയ്ക്കും
പേരിട്ടവന്റെ അശാസ്ത്രീയ നാമം 

റോസിനും,
മുല്ലയ്ക്കും 
ആദ്യത്തെ അത്തറ്
പൂശി കൊടുത്തവള്‍ 
കവിതയിലല്ലാതെ 
മറ്റൊരിടത്തും ഒളിച്ചിരിപ്പുണ്ടാവില്ല 

പക്ഷികള്‍ക്ക് 
കൂട് പണിയാന്‍ പഠിപ്പിച്ച 
തച്ചന്റെ കൊട്ടുളി 
കവിതയില്‍ തന്നെയാവും 
മറന്നുവെച്ചിട്ടുണ്ടാവുക 

ലിപികളില്ലാത്ത 
കാറ്റിന്റെ പാട്ടുകള്‍ 
കവിതയില്‍ നിന്നല്ലാതെ 
കണ്ണടച്ചു കേള്‍ക്കാനാവില്ല 

ഒളിഞ്ഞിരിപ്പുണ്ട് 
തീര്‍ച്ചയായും 
കവിതയില്‍ ചില ചരിത്ര തുണ്ടുകള്‍

No comments: