ഇരുള്‍ കനത്താല്‍
തൊട്ടടുത്തുള്ള
ജയില്‍ മതിലിനരികെ
പതുങ്ങി നില്‍ക്കും
വെയിലുടുത്ത്
പൊള്ളിപ്പോയവളുടെ
നെറ്റിയിലേക്ക്
പറന്ന്പോകും ഉമ്മകള്‍
കുഞ്ഞ് മകളെ
കെട്ടി പിടിച്ചുറങ്ങാന്‍
നീണ്ടുപോകും കൈകള്‍
ഉറക്കം
പടിയിറങ്ങിപ്പോയ
ഒരുവളുടെ പുല്‍പ്പായതുമ്പിലേക്ക്
ഇറങ്ങി നടക്കും കണ്ണുകള്‍
പരസ്പ്പരം മുട്ടാതെ
പൊട്ടിയൊലിക്കാതെ
മറപറ്റി
മാഞ്ഞു പോകുന്ന കനവുകള്‍
ഇരുമ്പഴി വകഞ്ഞ്
കനത്ത മതിലും ചാടി
കടന്ന് പോകുന്നുണ്ട്
ചില കാഴ്ചകള്‍
ഇതേ നേരത്ത്
ഉള്ളിലൊരുക്കിയ കോടതിയില്‍
ഉഗ്രതാപത്തോടെ
വാദിക്കുന്നുണ്ടൊരുവള്‍
ഭാര്യക്ക്
ഭര്‍ത്താവിനോടൊത്തുള്ള
പകലിനെ ,
പാതിരാവിനെ
മകന്
അച്ഛനോടൊത്തുള്ള
സൈക്കിള്‍ദൂരങ്ങളെ
ഞങ്ങള്‍
ചെയ്തിട്ടില്ലാത്ത
എന്തുകുറ്റത്തിന്റെ പേരിലാവും
തൂക്കിലേറ്റുന്നത്
No comments:
Post a Comment