പലപ്പോഴും
ചരിത്രം അങ്ങനെയാണ്
കണ്‍നിറയെ കണ്ടാലും
മിണ്ടാതെ പോയി കളയും
അല്ലങ്കില്‍
ചൈനയിലേതിനെക്കാള്‍
വലിയ ഒരു മതിലിനെ
ആകാശമെന്ന ചുരുക്കപ്പേരില്‍
ചുരുട്ടി വെച്ചതെന്തിനായിരിക്കും
**അപ്പനെ കണ്ടിട്ടില്ലെന്ന് കരുതി
അപ്പനില്ലാതിരിക്കുമോയെന്ന് കുഴങ്ങും പോലെ
ഉണ്ടാവും
ആ മതിലിനപ്പുറവും
എന്നെപ്പോലെ ഒരു നീയും
നിന്നെപ്പോലെ ഞാനും
നമ്മുടെ കുഞ്ഞുങ്ങളെ പ്പോലെ
അവരുടെ കുഞ്ഞുങ്ങളും
പെയ്തൊഴിയുന്ന ഗ്രാമങ്ങളും ,
അടക്കിപ്പിടിച്ച നഗരങ്ങളും .
എങ്കില്‍
*നാരായണീ
മുകളിലേക്ക് ഞാനെറിയുന്ന
ചുള്ളിക്കമ്പ്
മതിലിനപ്പുറത്തു നിന്ന്
നീ കാണുന്നുണ്ടാവുമോ
അതെങ്ങാനും
നിന്റെ മുലകളില്‍ വന്ന്
തൊട്ടുവോ ..?
------------------------------
* ബഷീറിന്റെ കഥാപാത്രം
* *കുഴൂര്‍ വില്‍സന്റെ കവിതയില്‍ നിന്ന്
No comments:
Post a Comment