Thursday, 2 February 2012

കിളിക്കൂട്


ഇനിയും വായിച്ചിട്ടില്ലാത്ത
വരികളില്‍
എത്ര വലിയ കാടുകളുണ്ടാവും
കടലുണ്ടാവും

മൈല്‍ കുറ്റിയില്‍
അടയാളപ്പെടുത്തിയിട്ടില്ലാത്ത
ദൂരങ്ങളാണത്രയും

ഓടികയറുന്ന
പറങ്കിമാങ്ങാ മണമുള്ള
കുട്ടികളെത്രയാവും

മുറ്റത്തൊരു
മുളകുപാടമുണക്കാനിട്ട
ഒരമ്മ
ആരുടെ വരികളിലാവും
കുടുങ്ങി കിടപ്പുണ്ടാവുക

എഴുതിയിട്ടില്ലാത്ത വരികളിലെ
പ്രണയം മാത്രം പെയ്യുന്ന
ഒരു ഗ്രാമത്തിന്
എന്തു പേരിടണമെന്ന്
വിചാരപ്പെടുന്നുണ്ടാവും ഒരാള്‍

ഞാനിനി
എത്രമേല്‍ നടക്കണം
കവിതയില്‍ കൊരുത്തിട്ട
ഒരു കിളിക്കൂടിന്‍
ചുവട്ടിലെത്താന്‍

ഒന്ന് കിളിചൂര് മണക്കുവാന്‍

No comments: