Sunday, 25 December 2011

നൂല്‍ പാലത്തിനപ്പുറം

എനിയ്ക്ക് 
മുളപ്പിച്ചെടുക്കാന്‍
ഒരു വിത്തെങ്കിലും പൊഴിക്കണമെന്ന്
ചിന്തിച്ചിട്ടേ
ഉണ്ടാവില്ല ഈ മരം .

ഒറ്റ നോട്ടം കൊണ്ട് 
എന്നിലൊരു 
പ്രണയ പുഴ ഒഴുകിയേക്കുമെന്ന് 
കരുതുന്നേയുണ്ടാവില്ല 
എവിടെയോ ഉള്ള ഒരുവള്‍ 

പൂമ്പാറ്റയെ മുലയൂട്ടുമ്പോള്‍ 
ജനാലയ്ക്കിപ്പുറം 
ഒരു മച്ചിപെണ്ണിന്റെ 
തറച്ച നോട്ടമുണ്ടെന്ന്
വിചാരപെടുന്നേയുണ്ടാവില്ല 
ഒരു പൂവും 

കണ്ണുനീരൊക്കെയും
ഒലിച്ചുപോകുന്നതെവിടേക്കെന്ന് 
ആലോചിച്ചിട്ടേയില്ല 
മുന്നിലൊരു കടല്‍ 
നിവര്‍ന്നു കിടന്നിട്ടും 

ഉള്ളിലെ 
നൂല്‍പ്പാലം കടക്കുമ്പോള്‍ 
ഇതുവരെ 
ചിന്തിക്കണമെന്ന് 
ചിന്തിച്ചിട്ടേയില്ലാത്ത 
എത്രയേറെ
ചിന്തകളുടെ വന്‍കരകളുണ്ടാവും

No comments: