Wednesday 10 July 2013

അടിച്ചു തളിക്കാരി


വെള്ള കീറാന്‍ തുടങ്ങുമ്പോള്‍
അവള്‍
കുളക്കടവിലേക്ക് പോകും

നിറങ്ങള്‍ ഇളകാതെ വേണം
ചിത്ര നെയ്ത്ത് 
പൊട്ടി പോകാതെ നോക്കണം
പൂവുകള്‍ക്കും ,
പൂമ്പാറ്റകള്‍ക്കും

ആകാശത്തെ
കഞ്ഞിപശ മുക്കി
കുതിര്‍ത്തു വെക്കണം
പിന്നെ
കുത്തഴിഞ്ഞു പോകാതെ
കെട്ടി കൊടുക്കണം

കിളിക്കൂട്ടില്‍ കയറണം
കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ച
കിടക്ക വിരി മാറ്റി വിരിക്കണം

വൈകുന്നേരങ്ങളെ
പകലില്‍ നിന്ന്
സമയം തെറ്റാതെ
കെട്ടഴിച്ചു മേയാന്‍ വിടണം

പുഴയുടെ
കരിമ്പന്‍ കുത്തിയ
അടിയുടുപ്പുകള്‍
അടിച്ചലക്കിവെക്കണം

പെട്ടെന്ന്
പുറത്തു പോയേക്കാവുന്ന ഒരുവള്‍ക്ക്‌

അഥവാ
കയറി വന്നേക്കാവുന്ന ഒരുവന്
കൂടെ കൊണ്ടുപോകാന്‍ പാകത്തില്‍
പഴുത്ത് പാകമായ ഉമ്മകള്‍
കരുതി വെക്കണം

പിടിപ്പത് പണിയാണവള്‍ക്ക്
ദൈവത്തിന്റെ
അടിച്ചു തളിക്കാരി പെണ്ണിന്

എല്ലാം കഴിയുമ്പോള്‍
നിറഞ്ഞ മാറില്‍ നിന്ന്
വിയര്‍പ്പിന്‍റെ
വൈഡൂര്യ മണികള്‍
ഒഴുകിയിറങ്ങാന്‍ തുടങ്ങും

ഒരു പണിക്കും പോകാതെ
ദൈവം
അവളുടെ മാറിടത്തിലേക്ക്‌
ഒളിക്കണ്ണുമായി പാത്തിരിക്കും.

(ഈ കവിത അവസാനിക്കേണ്ടത് ഇങ്ങനെ ആയിരുന്നില്ല ചില ഒളിക്യാമറാ ദൃശ്യങ്ങള്‍ ദൈവം നേരിട്ട് എഡിറ്റ്‌ ചെയ്തില്ലായിരുന്നെങ്കില്‍ പറഞ്ഞു തരാമായിരുന്നു അടിച്ചു തളിക്കാരി പെണ്ണില്‍ പിന്നീട് ദൈവത്തിന് എന്തു സംഭവിച്ചുവെന്ന്)
2Like ·  · Promote · 

1 comment:

ajith said...

അവസാനം എന്താകുമെന്ന് ആര്‍ക്കറിയാം!!

ആവിഷ്കാരം നന്നായിട്ടുണ്ട്