Tuesday, 30 April 2013

പ്ലാറ്റ്ഫോം


ആലപ്പുഴയില്‍ നിന്നും
ചെന്നൈ വരെ പോകുന്ന
ആലപ്പി എക്സ്പ്രസ്സ്‌
ഒരുമണിക്കൂര്‍
മുപ്പത്തി രണ്ട് മിനിറ്റ് വൈകി ഓടുന്നു

പുതിയ കാലത്തിന്‍റെ 
കമ്യൂണിസ്റ്റ് പച്ചപ്പോലെ 
ദുനിയാ കേ രഖ് വാലകള്‍

വീശി വീശി തോരാതെ 
കൈകള്‍ 
വണ്ടികള്‍ പൊട്ടുപോലെ
മാഞ്ഞു പോയിട്ടും

ആരൊക്കെയോ 
പൊതിഞ്ഞേല്‍പ്പിക്കുന്നു
മരുന്നിനൊപ്പം കഴിക്കാന്‍
കടും ചുവപ്പുള്ള ചുംബനങ്ങള്‍

കാണാനേയില്ല
ബോഗികള്‍ 
എണ്ണി കളിച്ചിരുന്ന കുട്ടികളെ 

ഏതോ ഒരാള്‍ വരാനുണ്ട്
അല്ലങ്കില്‍
ഏതോ ഒരിവള്‍
എത്രനേരമിങ്ങനെ
കാത്തിരിക്കും

ചായ
കാപ്പിയേ
കാപ്പി ചായേ.....

നമ്മള്‍
ചിലപ്പോഴെങ്കിലും
വെറും പ്ലാറ്റ്ഫോമുകള്‍ മാത്രമായി 
ഇങ്ങനെ മലര്‍ന്നു കിടക്കാറുണ്ട്

1 comment:

ajith said...

വണ്ടി എപ്പോള്‍ വരും??