Tuesday, 30 April 2013

പടം വരപ്പുകാരന്‍


മകന്‍ നല്ല പോലെ പടം വരയ്ക്കും 
വരച്ചു തീരുമ്പോള്‍ 
അവന്‍റെ ഉമ്മ അവനൊരു 
ഉമ്മ നല്‍കും

ഇലകള്‍ നിറഞ്ഞ 
ഉടുപ്പുമായ് മരങ്ങള്‍ 
നിവര്‍ന്നു നില്‍ക്കും 
കാടെന്നു പേര് വെക്കും

പുഴയോരത്തെ 
ഒറ്റ വീടിന്‍റെ ചെറ്റ വാതില്‍ 
അടച്ചും ,അടക്കാതെയും 
വരയ്ക്കും

തൊട്ടാവാടികളുടെ പൂന്തോട്ടം 
തൊടാതെ പോകുന്ന 
ചിത്ര ശലഭത്തെ വരയ്ക്കും

കാട് കണ്ടു 
മുറിവേറ്റ മാനിന്‍റെ 
നിലവിളി കണ്ടില്ല 
ചിത്രത്തിലെവിടെയും

പാതിരാവില്‍ 
തുടരെയുള്ള മുട്ടു കേട്ടു 
ഒറ്റരാത്രി കൊണ്ട് ഒറ്റയ്ക്കായിപോയ 
രാഘവേട്ടന്റെ ഭാര്യയും ഞാനും

"ഒരൊറ്റ ഉമ്മകൊണ്ട് 
എന്നെ കൊന്നു കളയൂ "
എന്ന നിശബ്ധത കേട്ടില്ല 
മകനും,പറന്നുപോയ ചിത്രശലഭവും

മകന്‍ 
മുതിരുമ്പോള്‍ 
ബധിരന്‍ പടം വരയ്ക്കാന്‍ പാടില്ലെന്ന് 
അറിവുണ്ടാകുമ്പോള്‍ 
അവനിത് നിര്‍ത്തുമായിരിക്കും .

1 comment:

ajith said...

ആദ്യനാലുപാദം ഇഷ്ടപ്പെട്ടു
അവസാന നാലുപാദം എന്തെന്ന് മനസ്സിലായില്ല