Monday, 28 March 2011

ഫ്രെയിം ചെയ്യേണ്ടതുണ്ട്














ഫോട്ടോകള്‍
ഫ്രെയിം ചെയ്തു കൊടുക്കപെടും 
വലിയ 
അക്ഷരത്തില്‍ എഴുതിയ 
ചെറിയ ബോര്‍ഡുള്ള 
കടയുണ്ട് 
അങ്ങാടിയില്‍ 

ചെറുത് 
വലുത് 
കറുത്തത് 
വെളുത്തത് 
എത്രയെത്ര ദൈവങ്ങളെയാണ്
പിടലിയ്ക്ക് കൊളുത്ത് വെച്ച് 
ഭദ്രമായി 
ചില്ലുകൂട്ടില്‍ അടച്ചു വെച്ചിട്ടുള്ളത്‌ 

ചില ദമ്പതികള്‍ 
കാറില്‍ വന്നിറങ്ങും
കാണുന്നത് പോലെയല്ലല്ലോ കാര്യം 
എന്തെങ്കിലും 
സാമ്പത്തീക 
പരാധീനത കാണുമായിരിക്കും 
അല്ലങ്കില്‍ 
ഒരു കുടുംബം മുഴുവന്‍ 
ശ്വാസംകിട്ടാത്ത
ചില്ല് കൂട്ടിലെക്കിറങ്ങി നിന്ന് 
ആതമഹത്യക്കൊരുങ്ങുമോ 

ഈയിടെയാണ്
ഞാനും ആവശ്യക്കാരനായത്
മനസ്സിനെയെങ്കിലും
ഒന്ന് ഫ്രെയിം ചെയ്ത് കിട്ടണം 

മത്തായി സാറിന്റെ 
ഇളയ മകന്‍ 
ബെന്‍സ് കാറില്‍ 
പറക്കുന്നത് കാണുമ്പോള്‍ 
എതോ ഒരുത്തന്‍ 
നയന്‍ താരയുടെ 
അടിവയറ്റില്‍ 
ഉമ്മവെക്കുന്നത് 
കാണുമ്പോള്‍ 
ഇവരൊക്കെ
ഞാനായിരുന്നെങ്കില്‍ 
എന്നാഗ്രഹിച്ചു പോകുന്നു 

കൂടുതല്‍ 
ഗുരുതരമായത് ഈയിടെയാണ്   

വാടക വീട്ടിലെ 
പുതിയ താമസക്കാരി 
രണ്ടു കുട്ടികളുടെ അമ്മ 
അന്യന്റെ ഭാര്യ 
ഈ സുന്ദരി 
എന്‍റെ  ഭാര്യയായിരുന്നെന്കിലെന്ന്‌ ,
ഇപ്പോഴാണെങ്കിലും 
ഒന്ന് പ്രേമിച്ചു നോക്കിയാലോ എന്ന് 
ഉള്ളില്‍ മുള പൊട്ടുന്നുണ്ട് 

ഇരിക്കപൊറുതിയില്ലാത്ത
ആഗ്രഹങ്ങള്‍ 
മനസ്സുവിട്ട്
പുറത്തേക്കെങ്ങാനും
വഴിവെട്ടിയാലോയെന്ന് 
പേടിച്ചിട്ടാണ് 
സത്യമായും 
പേടിച്ചിട്ടാണ്