Monday, 24 May 2010

രാധാമണി


നിറഞ്ഞുപെയ്യുന്ന കവിതയില്‍
അകമറിഞ്ഞ് നനയുന്നുണ്ട്
മുറ്റത്ത്
പൂവും പൂമ്പാറ്റയും.

കണ്ടിട്ടുണ്ട്
ബാല്യത്തിലേക്ക്
കളിവള്ളം കാത്തിരിക്കുന്ന കവിയെ.

അറിഞ്ഞിട്ടുണ്ട്
വലിച്ചെറിഞ്ഞ
കടലാസുചുരുളുകളില്‍
പോയകാല പ്രണയത്തിന്റെ
മൂളലും ഞരക്കവും

കേട്ടിട്ടുണ്ട്
കൂലിപ്പണിക്ക് പോകാതെ
കുത്തിയിരുന്നെഴുതിയ
കവിതയില്‍ നിന്ന്
മുഷ്ടി ചുരുട്ടിയിറങ്ങിപ്പോവുന്ന
മുദ്രാവാക്യങ്ങളെ

കവിതയിലേക്ക്
പിന്നെയും
ഇടയ്ക്കൊക്കെ
ഞാനൊന്ന്‌ പാളിനോക്കും

കവികുടുംബത്തിന്റെ
വിശാപ്പാറ്റാന്‍
അറിഞ്ഞുകൊണ്ടൂര്‍ന്നുവീഴുന്ന
സാരിത്തലപ്പുകൊണ്ട്
റേഷന്‍ വാങ്ങിയെടുക്കുന്ന
ഈ രാധാമണിയുടെ
മുഖമുണ്ടോയെന്നും
..

3 comments:

Umesh Pilicode said...

ആശംസകള്‍

naakila said...

ഉണ്ടാവും
കവിത ഇങ്ങനെയൊക്കെയാണ്
ജീവിതത്തെ പൊളളിയ്ക്കുന്നത്
പൊളളുമ്പോള്‍ പകര്‍ത്തുന്നത്

അനൂപ്‌ .ടി.എം. said...

മികച്ചത്..
ആശംസകള്‍...