Wednesday 24 December 2014

മറക്കണമെന്നോര്‍മിക്കാന്‍ മറന്നുപോകും ( ഗ്രീന്‍ ബുക്സിന് വേണ്ടി എഴുതിയ അനുഭവ കുറിപ്പ് - ആണ്‍ മഴയോര്‍മകള്‍)

      

        നാല് കിലോമീറ്ററുകള്‍ക്കപ്പുറത്താണ് അവളുടെ വീട് നടന്നാല്‍ ഇരുപത് മിനിറ്റ് ,അഥവാ രണ്ട് മഹല്ലുകള്‍ക്ക് അപ്പുറത്ത് കൃത്യമായി പറഞ്ഞാല്‍ മൂന്നാമത്തെ പാട്ടിന്‍റെ അനുപല്ലവികള്‍ക്കിപ്പുറത്ത്, ജീവിതത്തില്‍ ആദ്യത്തെ പ്രണയ ലേഖനം തന്നവള്‍ 
”വട്ടെക്കാട്ടെ നേര്‍ച്ചയ്ക്ക് വര്വോ “
ഇഷ്ട്മാണെന്ന്പറയാന്‍ ഉപയോഗിച്ച ആ ഒറ്റ വാക്കിന്‍റെ കാവ്യാത്മകത വര്‍ഷങ്ങള്‍ക്കിപ്പുറത്താണ് തിരിച്ചറിയുന്നത്, മുറ്റത്തെ ചെമ്പകമരവും, ജിബ്രാനും , റൂമിയും ഞങ്ങള്‍ പരസ്പരം സഹകരിച്ച് എഴുതി തീര്‍ത്ത പ്രേമ ലേഖനങ്ങള്‍ .
അവള്‍ എട്ടിലും ഞാന്‍ ഒന്‍പതിലും 
ഞാന്‍ ഒന്‍പതില്‍ നിന്ന് പത്തിലേക്ക് ജയിക്കാതിരുന്നാല്‍ ഉള്ളം കയ്യില്‍ ഒരുമ്മ തരാമെന്നേറ്റിരുന്നു പണ്ട് .ഒരു കൊല്ലം കൂടി പരസ്പരം കാണാനുള്ള അവളുടെ രാസ സൂത്രം.

കാലമെത്രപോയി
റാങ്കിംഗ് സമ്പ്രദായം നിര്‍ത്തലാക്കി
സിലബസ് മാറി
ഗ്രേഡ് നിലവില്‍ വന്നു
വിദ്യാര്‍ഥിക ളുടെ ആത്മഹത്യ കുറഞ്ഞു

സ്വാതന്ദ്ര്യം ,ജനാധിപത്യം ,സോഷ്യലിസം കോളേജ് വരാന്തകളില്‍ ഉറക്കെ ചൊല്ലി , പുറത്താക്കപ്പെട്ടു ,
തരികിടകളുമായി ജീവിതം തുടര്‍ന്നു.
അതിനിടയില്‍ അവള്‍ കണ്ടവനെ കെട്ടി ,കുട്ടികളെ പെറ്റു,പര്‍ദ്ധകളിലേക്ക് നുഴഞ്ഞു കയറി
മൊബൈലുകള്‍ കണ്ടു പിടിക്കപ്പെട്ടു , വലുത് ചെറുതാവാന്‍ തുടങ്ങി
ആ കാലത്താണ് എനിക്കൊരു ഫോണ്‍ കോള്‍ വരുന്നത്
"എനിക്ക് നിന്നെ ഒന്ന് കാണണം ,ഞാന്‍ വീണ്ടും വിളിക്കാം,തിരിച്ചു വിളിക്കരുത്"  ഫോണ്‍ കട്ടായി ആരാണെന്ന് പറഞ്ഞതേയില്ല ,തിരിച്ചറിയാന്‍ അടയാളങ്ങള്‍ പറയേണ്ടതില്ലെന്ന് ഉറപ്പുണ്ടായിരുന്നിരിക്കണം അവള്‍ക്ക്

വിളി വീണ്ടും വന്നു

"നാളെ രാത്രി പതിനൊന്നര മണിക്ക് പണ്ട് നാം പിരിഞ്ഞു പോകാറുണ്ടായിരു ന്ന വീടിനോട് ചേര്‍ന്ന ഇടവഴിയില്‍ ഞാന്‍ ഉണ്ടാവും  ,നമുക്ക് ഒരിടം വരെ പോകണം സമയം തെറ്റിക്കരുത് “

സ്കൂള്‍ കാലം വിട്ടതില്‍ പിന്നെ വല്ലപ്പോഴും ഒരു മിന്നായം പോലെ കണ്ടിട്ടുണ്ട് എന്നല്ലാതെ,എന്നോ അവളെ കുറിച്ച് എഴുതിയ ഒരു കവിതയില്‍ മുഖാമുഖം വന്നിട്ടുണ്ട് എന്നല്ലാതെ തമ്മില്‍ കണ്ടിട്ടേയില്ല.ഇപ്പോള്‍ എന്തിനാവും  കാണണമെന്ന് തോന്നിയിട്ടുണ്ടാവുക .

ഒരിടം വരെ ..?
എവിടേക്ക് ..?
ഭാര്യയേയും മകനെയും ഉറക്കി കിടത്തി മറ്റൊരുവളെ കാണാന്‍ ?
പാതിരാത്രില്‍ സദാചാര കമ്മറ്റിയുടെ കോടതിമുറിക്കുള്ളിലെത്തിയാല്‍ എന്ത് സമാധാനം ബോധിപ്പിക്കും ഫോണ്‍ കട്ടായതില്‍ പിന്നെ അസ്വസ്ഥത കാട് കയറാന്‍ തുടങ്ങി
ആദ്യത്തെ പ്രണയം കാതില്‍ പറഞ്ഞവള്‍
തിരസ്കരിക്കുക വയ്യ

കാണുക തന്നെ പിന്നീട് വരുന്നതെല്ലാം പിന്നീട് വരുന്നവ മാത്രമാണ്
സഫറുവിനെ വിളിച്ചു; 
തണുത്ത ബിയര്‍ , ഒരു സിനിമ, സോപാനത്തിന്‍റെ ഡിന്നര്‍ .
സമയ ക്രമം കണക്കാക്കി സിനിമ പാതിയില്‍ ഉപേഷിച്ച് തരിച്ചു പോരും വഴി ആശ്വാസത്തിന് അവനോട് കാര്യങ്ങള്‍ പറഞ്ഞു .എല്ലാം കേട്ടിട്ടും അവന്‍ അനാശാസ്യത്തിന്‍റെ  ചിരി ചിരിച്ചു . അവനെ വീട്ടിലിറക്കി ഭയത്തെ കൃത്രിമ ധൈര്യം കൊണ്ട് മാറി കടന്ന്‍ പറഞ്ഞുറപ്പിച്ച ഇടവഴില്‍ ഒറ്റ നോട്ടം കൊണ്ട് കാണാവുന്ന ദൂരത്തേക്ക് മാറി നിന്നു .

അധിക നേരം കാത്തു നില്‍ക്കേണ്ടി വന്നില്ല വെളുത്ത മുഖമുള്ള ഇരുട്ട് പതിയെ നടന്നു വന്നു .

"വേഗം ഇവിടെ നിന്ന് വേഗം പോകണം" അവള്‍ ബൈക്കിന് പുറകില്‍ കയറി
എവിടെ ക്കെന്ന്‍ എപ്പോഴോ ചോദിച്ചു വെന്മേനാട് എത്തണം പാലം വഴി പോകണ്ട ടൌന്‍ ചുറ്റി വളഞ്ഞ് പതിയെ പോയാല്‍ മതി .
ഈ രാത്രിയില്‍ എന്തിനെന്ന് ചോദിച്ചു മറുപടി എന്തെങ്കിലും കേട്ടതായി ഓര്‍മി ക്കുന്നേയില്ല.കുറച്ചു ദൂരം നീങ്ങിയാതെ ഉള്ളൂ
പകച്ചു നിന്ന മഴ പയ്യെ പെയ്യാന്‍ തുടങ്ങി

എവിടെയെങ്കിലും കയറി നില്‍ക്കാം ഞാന്‍ പറഞ്ഞു
വേണ്ട നാമൊന്നിച്ച് ഒരേ മഴ നനഞ്ഞിട്ടില്ലല്ലോഒരിക്കല്‍ പോലും 
ഈ മഴ നമുക്കുവേണ്ടി പെയ്യട്ടെ
നിന്‍റെ അവള്‍ക്കും മകനും സുഖമല്ലേ ?
അതെ എന്ന അര്‍ത്ഥത്തില്‍ മൂളുക മാത്രം ചെയ്തു
എന്താ അവന്റെ പേര്
ഗസല്‍ ഞാന്‍ പറഞ്ഞു

നിന്‍റെ  അവളെ ഒരിക്കല്‍ ഞാന്‍ കണ്ടിരുന്നു അങ്ങനെയാണ് നിന്‍റെ നമ്പര്‍ കിട്ടിയത് .  എന്‍റെ ഭാര്യ എന്നോ പറഞ്ഞത് ഞാനോര്‍ത്തു

"ബുദ്ധിമുട്ടായോ  നിനക്ക്  ?
നിന്നോളം സുരക്ഷിതമായ ഒരു സ്ഥലം എനിക്കില്ലെന്ന് തോന്നി അതുകൊണ്ട് മാത്രമാണ് നിന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടി വന്നത്
നിന്‍റെ മകന് എത്ര പ്രായമായി
ഒന്നര വയസ്സ് ഞാന്‍ പറഞ്ഞു
എന്‍റെ മകന് ഈ കൊല്ലം നാല് വയസ്സാകുമായിരുന്നു

        ഞാനൊന്നും പറഞ്ഞില്ല കരളില്‍ പകുത്ത മഞ്ഞ പിത്തം അവനെയും കൊണ്ട് പോയത് എനിക്കറിയാമായിരുന്നു

മഴ കാറ്റിനൊപ്പം ശക്തമാകാന്‍ തുടങ്ങി ,ഇടയ്ക്ക് വെട്ടിയ ഇടിമിന്നലില്‍ അവളെന്‍റെ  തോളില്‍ അമര്‍ത്തി പിടിച്ചു

എന്‍റെ മകനിപ്പോള്‍ കിടക്കയില്‍ എന്നെ തിരയുന്നുണ്ടാവും ഞാന്‍ അസ്വസ്ഥനായിരുന്നു 

ഞങ്ങള്‍ പിന്നെയും മുന്നോട്ട് പോയി കൊണ്ടിരുന്നു ,സ്കൂള്‍ എത്തുന്നതിന് തൊട്ടുമുന്‍പുള്ള രണ്ടാമത്തെ വളവില്‍ നിന്ന് നീണ്ടുപോകുന്ന ഇടവഴി ചൂണ്ടി അവള്‍ പറഞ്ഞു “ആകാണുന്ന വീടിന് അപ്പുറത്താണ് എന്നെ കെട്ടിച്ചു വിട്ട വീട് , നീ കണ്ടിട്ടുണ്ടോ ?
ഇന്ന് വൈകുന്നേരമാണ് ഞാന്‍ എന്‍റെ വീട്ടിലേക്ക് പോന്നത് ഈ രാത്രി വീണ്ടും തിരിച്ചു വരാന്‍ വേണ്ടി കാരണം മറ്റൊന്നുമല്ല കഴിഞ്ഞ കൊല്ലം ഇതേ ദിവസമാണ് എന്‍റെ മകന്‍ മരിച്ചു പോയത് .നമ്മളിപ്പോള്‍ പോകുന്നത് അവന്‍റെ  അടുത്തേക്കാണ് .
സ്ത്രീകള്‍ കടന്നു ചെല്ലാന്‍ പാടില്ലാത്ത ഇടം പക്ഷെ എനിക്ക് എന്‍റെ മകനെ കാണണം

ഞാന്‍
ഞാന്‍ ശരിക്കും ഞെട്ടിയത് അപ്പോള്‍ മാത്രമായിരുന്നു .

പിന്നെ കുറച്ചു ദൂരം പോയതേയുള്ളൂ  പള്ളിയും കടന്ന് പള്ളി പറമ്പ് അവസാനിക്കുന്നതിന്‍റെ വലത്തേ മൂലയില്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു , അടഞ്ഞു കിടന്ന കടയുടെ പിന്നിലേക്ക്‌ മാറ്റി നിര്‍ത്തി ധൃതിയില്‍ മതില്‍ കെട്ടിനകത്തേക്ക് കടന്നു .
മഴക്ക് വീണ്ടും കനം വെച്ചു . മിന്നല്‍ വെട്ടത്തില്‍ അകത്തേക്ക് കടന്നത് ആരെങ്കിലും കണ്ടുവോ എന്ന് ഭയപ്പെട്ടു.അപ്പോഴാണ്‌ അവളുടെ കയ്യിലെ ചെറിയ ടോര്‍ച്ച് വെളിച്ചം കണ്ടത്.

അവനെവിടെയാണെന്ന് നിനക്ക് അറിയുമോ ഭയത്തോടെ ഞാന്‍ ചോദിച്ചു
അവളെന്‍റെ  കൈ പിടിച്ചു നടക്കുന്നതിനിടയില്‍ പറഞ്ഞു
ഏകദേശ ധാരണ എനിക്കുണ്ട് ഞാന്‍ ചോദിച്ചറിഞ്ഞിട്ടുണ്ട് . അവള്‍ക്കൊട്ടും ഭയമില്ലെന്ന് തോന്നി
ചില്ലകള്‍ താണ് കിടന്ന മരകൊമ്പുകള്‍ക്കിടയിലൂടെ മൈലാഞ്ചി പടര്‍പ്പുകളെ വകഞ്ഞ് മാറ്റി ഓരോ മീസാന്‍ കല്ലിലും ടോര്‍ച്ചടിച്ച്‌
ഇതല്ല ഇതല്ല എന്ന് പറഞ്ഞു കൊണ്ടിരുന്നു .
കുറച്ചേറെ നേരത്തെ ശ്രമത്തിനു ശേഷം
"മുസ്സമ്മില്‍" എന്ന് പേരെഴുതിയ മീസാന്‍ കല്ലിന് താഴെ പച്ചമണ്ണില്‍ അവള്‍ കുഴഞ്ഞിരുന്നു .

മഴ പിന്നെയും പിന്നെയും കനത്തു

ഒരേ മഴയില്‍ ഞങ്ങള്‍ പരസ്പ്പരം കരഞ്ഞു 

No comments: