ഒഴുകിയൊഴുകി
കാല്‍പാദത്തോളം
വന്നു നില്‍ക്കുന്നുണ്ട്
ഒരു പുഴ .
നിറയെ മുടിയുള്ള
ഒരു മരം
ഒളിച്ചു വെച്ച കാറ്റിനെ
നെറ്റിയിലേക്ക്
പതുക്കെ പറത്തി വിടുന്നു .
സ്കൂള്‍ വിട്ട്
ഓടി വരുന്ന കുട്ടിയെപ്പോലെ
ഒരു ചാറ്റല്‍ മഴയെന്നെ
കെട്ടിപിടിക്കുന്നുണ്ടോ
ഓലപ്പുരയിലെ
റാന്തല്‍ വിളക്ക്
"സരമില്ലടോ ,
സാരമില്ലടോ"യെന്ന്
കണ്ണിറുക്കി കാണിക്കുന്നു .
ഇതളുകള്‍ വൃത്തിയായിയുടുത്ത്
സുഗന്ധവും നിറച്ച്
വേലിക്കരികില്‍
ആരെയാടി കാത്തുനില്‍ക്കുന്നതെന്ന്
ആപ്പീസ് വിട്ട്
വരുമ്പോഴും ,
പോകുമ്പോഴും
ഞാന്‍ കളിയായി ചോദിക്കുന്ന
അടുത്ത വീട്ടിലെ റോസാപ്പൂ
പനിക്കിടക്കയില്‍
പുതപ്പിനുള്ളില്‍
ഞാന്‍
വിറച്ചു തുള്ളുമ്പോള്‍
എന്തിനാണിങ്ങനെ
തണുത്ത കൈത്തലം കൊണ്ട്
കുറഞ്ഞുവോ
കുറഞ്ഞുവോയെന്ന്
എപ്പോഴും
തൊട്ടുനോക്കി കൊണ്ടേയിരിക്കുന്നത്
No comments:
Post a Comment