Thursday, 30 December 2010

ഇട വഴികള്‍

അച്ഛാ
ചിത്ര പുസ്തകത്തില്‍
ഞാന്‍ വരച്ചു തീര്‍ത്ത വീടിന്റെ
ഓടാമ്പലുകള്‍ ഇളക്കി
അടുക്കളത്തോട്ടം കടന്ന്
ആരോ
ഇറങ്ങി പോയിരിക്കുന്നു


മകളെ
അച്ഛന്‍ പാതിയില്‍
എഴുതി നിര്‍ത്തിയ കവിതയില്‍
ചുണ്ടൊപ്പ്നല്‍കി
ആരോ
പൂര്‍ത്തിയാക്കിയിരിക്കുന്നു


ചിലപ്പോഴൊക്കെ
അച്ഛന്റെ കവിതകള്‍ക്ക്
കറിവേപ്പിലയുടെ മണമാണ്
വരികളിലെ വഴികളിലൂടെ
അമ്മ വരുന്നുണ്ടാവണം


അകലങ്ങളെ ,
ആകാശങ്ങളെ
കോര്‍ത്തുകെട്ടാന്‍
വെട്ടി വെക്കാറുണ്ട്
എവിടെയും
ചില ഇടവഴികള്‍


അത് കൊണ്ടാവണം മകളെ
കവിതകളില്‍
ആളനക്കങ്ങള്‍ ഉണ്ടാവുന്നത്


ഇറങ്ങി പോകുന്നവരും
കയറി വരുന്നവരും ഉണ്ടാകുന്നത്

1 comment:

Anonymous said...

ലളിതസുന്ദരമായി ആവിഷ്കരിച്ചു....എന്താ ആരും ഇവിടെ കമന്റ്‌ ഇടാത്തത്..? നല്ല കവിതകള്‍ ആരും വായിക്കപ്പെടാതെ പോവരുത്....പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ലിങ്ക് തരിക...